കുതിരാനിലെ റോഡിന്റെ ശോച്യാവസ്ഥ: സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

തൃശൂര്‍: ദേശീയപാത കുതിരാനിലെ റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരേ ചൊവ്വാഴ്ച മുതല്‍ വിവിധ സംഘടനകള്‍ പ്രക്ഷോഭം തുടങ്ങുന്നു. ടാറിങ് തകര്‍ന്ന് ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് മാസങ്ങളായി വാഹനയാത്ര ദുഷ്‌കരമായ അവസ്ഥയാണ്. ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തി യാത്രാക്ലേശം പരിഹരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും കരാര്‍ കമ്പനിയുടെ അനാസ്ഥ തുടരുകയാണ്. കുഴികള്‍ മൂലം മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. യാത്രാദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. പീച്ചി റോഡ് ജങ്ഷനില്‍ ആരംഭിക്കുന്ന സത്യഗ്രഹ സമരം ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ബുധനാഴ്ച മുതല്‍ സമരം ആരംഭിക്കും. ഡിവൈഎഫ്‌ഐ മണ്ണുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. അതിനിടെ, ദേശീയപാതയിലെ ശോച്യാവസ്ഥയെത്തുടര്‍ന്ന് പാലക്കാട്ടു നിന്ന് തൃശൂരിലേക്ക് വരുന്ന ബസ്സുകള്‍ ബുധനാഴ്ച മുതല്‍ വടക്കുംചേരിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ദേശീയപാതയിലെ കുരുക്കിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയോളം സ്വകാര്യ ബസ്സുകള്‍ വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് തൃശൂര്‍-പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകള്‍ കടുത്ത നിലപാടുമായി രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it