malappuram local

കുട്ടിക്കര്‍ഷകന്‍ ഷാദിലിനെ തേടി സംസ്ഥാന പുരസ്‌കാരം



ശഫീഖ് ആയപ്പള്ളി

പുത്തനത്താണി: ജൈവ പച്ചക്കറികൃഷിയില്‍ നൂറുമേനി കൊയ്ത ഷാദിലിലെന്ന കുട്ടിക്കര്‍ഷകനെ തേടി സംസ്ഥാന പുരസ്‌കാരം. രണ്ടത്താണി കിഴക്കേപുറം കെ എം പി കരീം കോയ തങ്ങളുടെ മകന്‍ മുഹമ്മദ് ഷാദിലാണ് ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പച്ചക്കറി വികസന പദ്ധതി അവാര്‍ഡില്‍ കുട്ടി കര്‍ഷകനുള്ള രണ്ടാംസ്ഥാനം നേടിയത്. വീടിനോട് ചേര്‍ന്നുള്ള 30 സെന്റ് സ്ഥലത്താണ് ഷാദില്‍ ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. രണ്ടത്താണി കിഴക്കേപുറം നജാത്ത് പബ്ലിക് സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിയായിരിക്കെ കല്‍പ്പകഞ്ചേരിയിലെ കൃഷി ഓഫിസര്‍ പി രമേഷ്‌കുമാറിന്റെ കൃഷിയെ കുറിച്ചുള്ള ക്ലാസ്് എട്ടാം ക്ലാസ്സുകാരനിലെ കര്‍ഷക മനസ്സ് ഉണര്‍ത്തി. ഷാദിലിന് കൃഷിയോടുള്ള താല്‍പര്യം തിരിച്ചറിഞ്ഞ കൃഷി ഓഫിസര്‍ പി രമേഷ്‌കുമാറും പിതാവ് കരീം കോയ തങ്ങളും പിന്തുണയുമായെത്തി. വിവിധ തരം ചീരകള്‍, മുളകുകള്‍, ആന കൊമ്പന്‍ വെണ്ട, പടവലം, വഴുതന തുടങ്ങിയ പച്ചക്കറികള്‍ക്ക് പുറമെ അപൂര്‍വമായി മാത്രം ഉണ്ടാവുന്ന സവാള, കോളി ഫഌവര്‍, കാബേജ്, കാപ്‌സിക്കം, ബ്രക്കോളി തുടങ്ങിയ വൈവിധ്യങ്ങളായ 20 തരം പച്ചക്കറികളും കൃഷി ചെയ്തു. നാലു ടണ്‍ പച്ചക്കറികളാണ് ഷാദിലിന്റെ തോട്ടത്തില്‍ നിന്നു ഇതുവരെ വിളവെടുത്തത്. സ്വദേശിയും വിദേശിയുമായ 26 ഇനം പഴവര്‍ഗങ്ങളും കൃഷിയുടെ ഭാഗമാക്കി. തേനീച്ച വളര്‍ത്തലും കോഴി വളര്‍ത്തലും ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷിയില്‍ ഷാദിലിന്റെ വിജയഗാഥയുടെ ഫലമായി 2016-17 വര്‍ഷത്തെ ജില്ലയിലെ മികച്ച കുട്ടിക്കര്‍ഷകനുള്ള അവാര്‍ഡും തേടിയെത്തി. ഇപ്പോള്‍ എടരിക്കോട് പികെഎംഎച്ച്എസില്‍ എട്ടാം തരം വിദ്യാര്‍ഥിയായ ഷാദിലിന് കൃഷിയില്‍ പൂര്‍ണ പിന്തുണയുമായി മാതാവ് ഹാരിഫാബീവിയും സഹോദരങ്ങളായ മുഹമ്മദ് ഹസീലും ലബീബയും രംഗത്തുണ്ട്.
Next Story

RELATED STORIES

Share it