kozhikode local

കുട്ടികള്‍ ഏറ്റവും കൂടുതല്‍ പീഡനത്തിന് ഇരയാവുന്നത് വീടിനു സമീപം വച്ച്‌



കോഴിക്കോട്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഏറെയും നടക്കുന്നത് വീടിനു സമീപപ്രദേശങ്ങളില്‍ വെച്ചെന്ന് റിപ്പോര്‍ട്ട്. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണ സംരക്ഷണനിയമത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ചൈല്‍ഡ് ലൈന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ജില്ലയിലെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണങ്ങള്‍ സംബന്ധിച്ച ഭയപ്പെടുത്തുന്ന സ്ഥിതിവിവര കണക്കുകളുള്ളത്. കുട്ടികള്‍ക്കു നേരെ 2016-17 വര്‍ഷത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത അതിക്രമങ്ങളില്‍ 42 എണ്ണവും വീടിനു പരിസരത്ത് വെച്ചാണ് നടന്നത്. 26 കുട്ടികളെ സ്വന്തം വീട്ടില്‍ വെച്ച് രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ പീഡിപ്പിച്ചു എന്നാണ് കണക്കുകളില്‍ വ്യക്തമാക്കുന്നത്. 16 കുട്ടികള്‍ സ്‌കൂളില്‍ വെച്ചും ഒരു കുട്ടി ബീച്ചില്‍ വെച്ചും പീഡിപ്പിക്കപ്പെട്ടു. 9 കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത് സ്‌കൂളിനു സമീപത്തു വെച്ചാണ്. കടകളില്‍ വെച്ച് നാലും അയല്‍ വീടുകളിലും വാഹനത്തിലും വെച്ച് രണ്ടു പേരും പീഡനത്തിനിരയായി. കൗണ്‍സലിംഗ് റൂമില്‍ വെച്ചുപോലും കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായുള്ള ഞെട്ടിക്കുന്ന വിവരവും ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നു. ഈ കാലയളവില്‍ 11നും 15നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെട്ടത്. ഇതേ പ്രായത്തിലുള്ള 20 ആണ്‍കുട്ടികളും ഇക്കാലയളവില്‍ പീഡനത്തിനിരകളായി. ആറു മുതല്‍ പത്തുവയസു വരെ പ്രായമുള്ള എട്ട്് ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും 16 മുതല്‍ 18 വയസുവരെ പ്രായമുള്ള മൂന്ന് ആണ്‍ കുട്ടികളും 10 പെണ്‍കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായി. ഇക്കാലയളവില്‍ 35 ആണ്‍കുട്ടികളും 74 പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെട്ടു. 22 കുട്ടികള്‍ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളായി. 42 പേര്‍ ബലാല്‍ക്കാരത്തിനും ഇരകളായി. അയല്‍വാസികളാണ് ഏറ്റവും കൂടുതല്‍ പീഡനം നടത്തിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ 29 എണ്ണത്തിലും അയല്‍വാസികളാണ് പ്രതികള്‍. മൂന്ന്്് പിതാക്കളും 12 അധ്യാപകരും 19 ബന്ധുക്കളും നാല്്് രണ്ടാനഛന്‍മാരും രണ്ട്്്് മുത്തഛന്‍മാരും ആറ്്് അമ്മാവന്‍മാരും 11 മറ്റു ബന്ധുക്കളും നാല്്് സുഹൃത്തുക്കളും കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു. മൂന്ന്് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പലരില്‍ നിന്നായി പീഡനം ഏറ്റുവാങ്ങി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചെല്‍ഡ്് ലൈനില്‍ അറിയിക്കുന്നകാര്യത്തില്‍ അധ്യാപകര്‍ തന്നെയാണ് മുന്നിലുള്ളത്. ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 42 എണ്ണത്തിലും പീഡന വിവരം കണ്ടെത്തി അറിയിച്ചത്് അധ്യാപകരാണ്. 11 കേസുകളില്‍ മാത്രമാണ് രക്ഷിതാക്കള്‍ പരാതിയുമായി എത്തിയത്. 35 സംഭവങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരാണ് ചൈല്‍ഡ്് ലൈനിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഒരു കുട്ടി മാത്രമാണ് നേരിട്ട് പരാതി നല്‍കിയത്. ഈ കാലയളവില്‍ നടന്ന അതിക്രമങ്ങളില്‍ 89 എണ്ണവും അതിക്രമം നടന്ന് ഒരാഴ്ചക്കുള്ളില്‍ പരാതി നല്‍കപ്പെട്ടവയാണ്. ഒരു വര്‍ഷം മുമ്പ്് നടന്ന ഏഴ് സംഭവങ്ങളും ഇക്കാലത്ത്് പരാതിയായി എത്തി. പീഡിപ്പിക്കപ്പെട്ടവരില്‍ 19 പേര്‍ രണ്ടു മുതല്‍ അഞ്ച്് തവണവരെ പീഡനത്തിനിരയായവരാണ്. ഏഴ് പേര്‍ പത്തിലധികം തവണ പീഡിപ്പിക്കപ്പെട്ടു. 81 പേര്‍ ഒരു തവണയും ഇരയാക്കപ്പെട്ടു. റിപ്പോര്‍ട്ട്് ചെയ്ത കേസുകളില്‍ 84 എണ്ണത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും 73 പ്രതികളെ അറസ്റ്റ്  ചെയ്യുകയുമുണ്ടായി. 7 പേരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടികള്‍ക്കെതിരെയുണ്ടാവുന്ന ലൈംഗികാതിക്രമങ്ങളില്‍ പോലിസിന്റെ ഭാഗത്തുനിന്നും കൃത്യമായ നിയമപരിരക്ഷ ഇരകള്‍ക്ക് ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായുണ്ട്.
Next Story

RELATED STORIES

Share it