World

കുട്ടികളെ 30 ദിവസത്തിനകം രക്ഷിതാക്കളെ ഏല്‍പ്പിക്കണം: കോടതി

വാഷിങ്ടണ്‍: യുഎസില്‍ അനധികൃത കുടിയേറ്റക്കാരില്‍ നിന്നു വേര്‍പെടുത്തിയ കുട്ടികളെ 30 ദിവസത്തിനകം മാതാപിതാക്കളുടെ അടുത്തെത്തിക്കണമെന്ന് കോടതി. എന്നാല്‍ അഞ്ച് വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികളെയും 14 ദിവസത്തിനകം മാതാപിതാക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ആറു വയസ്സുള്ള മകളെ വേര്‍പിരിക്കെപ്പട്ട യുവതിക്കു വേണ്ടി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. നിരവധി രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ എവിടെയാണെന്നു പോലും അറിയില്ലെന്നും യൂനിയന്‍ കോടതിയെ അറിയിച്ചു.
കുട്ടികളെ കുടുംബത്തില്‍ നിന്നു വേര്‍തിരിക്കുന്ന ട്രംപിന്റെ നയത്തെ ചോദ്യംചെയ്താണ് വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, കാലഫോര്‍ണിയ, ന്യൂ മെക്‌സിക്കോ നോര്‍ത്ത് കരോലിന തുടങ്ങി 17 സംസ്ഥാനങ്ങളാണ്  കോടതിയെ സമീപിച്ചിരിക്കുന്നത്്. 10 ദിവസത്തിനകം എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ മാതാപിതാക്കളോട് ഫോണില്‍ സംസാരിക്കാനുള്ള അവസരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ വിചാരണ ചെയ്യുന്ന നടപടി തുടരുന്നതിന് ഉത്തരവ് തടസ്സമാവില്ല.
മതിയായ രേഖകളില്ലാതെ അതിര്‍ത്തി കടന്ന കുടിയേറ്റക്കാരില്‍ നിന്നു വേര്‍പെടുത്തി 2,300ലധികം കുട്ടികളെയാണ് യുഎസില്‍ വിവിധയിടങ്ങളില്‍ തടവില്‍ പാര്‍പ്പിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it