കുട്ടികളെ പീഡിപ്പിച്ചെന്ന് കള്ള പരാതി നല്‍കുന്നവരെ കര്‍ശനമായി നേരിടണം: ഹൈക്കോടതി

കൊച്ചി: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു കള്ള പരാതി നല്‍കുന്നവരെ കര്‍ശനമായി നേരിടണമെന്നു ഹൈക്കോടതി. കള്ള പരാതി നല്‍കി ആരെയെങ്കിലും പോക്‌സോ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിനെയും അതീവ ഗൗരവത്തോടെ തന്നെ കണ്ടു നേരിടണം. കള്ള പരാതി നല്‍കുന്നവര്‍ക്കെതിരേ പോക്‌സോ നിയമത്തിലെ 22ാം വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയാവാത്ത മകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും സംഭവം പ്രത്യേക അന്വേഷണ സംഘമോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട സ്വദേശിനി സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും പട്ടികജാതി-വര്‍ഗ പീഡനങ്ങള്‍ തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം ശാസ്താംകോട്ട പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതിക്കാരിയാണ് ഹരജിക്കാരി. 2017 സപ്തംബര്‍ 20ന് രാവിലെ 11ന് ആരോപണവിധേയന്‍ വീട്ടില്‍ അതിക്രമിച്ചു കയറി 16കാരിയെ കയറിപ്പിടിച്ചു എന്നാണ് കേസ്. സംഭവം നടന്നുവെന്നു പറയുന്ന സമയത്ത് ആരോപണവിധേയനായ യുവാവ് ശാസ്താംകോട്ടയില്‍ നിന്നു കുറെ അകലെയുള്ള കരുനാഗപ്പള്ളിയിലായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ആദ്യ മൊഴിയില്‍ പെണ്‍കുട്ടി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. മജിസ്‌ട്രേറ്റിനു മുമ്പില്‍ നല്‍കിയ മൊഴിയിലും പ്രകടമായ വൈരുധ്യമുണ്ട്. ഈ കേസിനു ശേഷവും ആരോപണവിധേയനെതിരേ മറ്റൊരു ബലാല്‍സംഗക്കേസ് ഈ പെണ്‍കുട്ടിയെ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു കോടതി കണ്ടെത്തി. ഒരു വര്‍ഷം മുമ്പ് മിഠായിയില്‍ ലഹരിമരുന്നു കലര്‍ത്തി പീഡിപ്പിച്ചെന്നാണ് കേസ്. പാസ്‌പോര്‍ട്ടും മറ്റും പരിശോധിച്ചപ്പോള്‍ സംഭവം നടന്നുവെന്നു പറയുന്ന സമയത്ത് ആരോപണവിധേയന്‍ ദുബയിലായിരുന്നു. അതിനാല്‍, കള്ളക്കേസാണ് ഇതെന്ന് അന്തിമ റിപോര്‍ട്ട് നല്‍കാനാണ് പോലിസ് തീരുമാനിച്ചിട്ടുള്ളതെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഹരജി പിന്‍വലിക്കുകയാണെന്ന് ഹരജിക്കാരി പറഞ്ഞു. പക്ഷേ, കോടതി ഇത് അനുവദിച്ചില്ല. പരാതിക്കാരി കള്ള പരാതി നല്‍കിയെന്നാണ് വ്യക്തമായിരിക്കുന്നത്. അതിനാല്‍, പോക്‌സോ നിയമത്തിലെ 22ാം വകുപ്പ് ഈ കേസില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇക്കാര്യം പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
അപകീര്‍ത്തിപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ ലക്ഷ്യമിട്ട് ആരെങ്കിലും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കുന്നവര്‍ക്ക് ആറു മാസം വരെ തടവുശിക്ഷ നല്‍കാമെന്നാണ് പോക്‌സോ നിയമം പറയുന്നത്. കുട്ടിയാണ് കള്ള പരാതി നല്‍കിയതെങ്കില്‍ കുട്ടിയെ ശിക്ഷിക്കേണ്ടതില്ല. ആരെങ്കിലും കുട്ടിയെ ഇരയാക്കുന്ന രീതിയിലുള്ള കള്ള പരാതിയോ വിവരമോ നല്‍കിയാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ നല്‍കാമെന്നും നിയമം പറയുന്നു.
Next Story

RELATED STORIES

Share it