Flash News

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: 2017ല്‍ പിടിയിലായ 199 ല്‍ 188 പേരും കേരളീയര്‍

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: 2017ല്‍ പിടിയിലായ 199 ല്‍ 188 പേരും കേരളീയര്‍
X


തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട് 2017ല്‍ പിടിയിലായ 199 പേരില്‍ 188 പേരും കേരളീയരാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.
കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന മാഫിയാസംഘം പ്രവര്‍ത്തിക്കുന്നതായി അന്വേഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടില്ലെന്നും എം കെ മുനീറിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
2017ല്‍ സംസ്ഥാനത്ത് കാണാതായ 1774 കുട്ടികളില്‍ 1725 പേരെ അന്വേഷണത്തിലൂടെ കണ്ടെത്തി. ഇനി 49 കുട്ടികളെ കണ്ടെത്താനുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട് 2017ല്‍ പിടിയിലായ 199 പേരില്‍ 188 പേരും കേരളീയരാണ്. ആലപ്പുഴ പൂച്ചാക്കല്‍ പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിട്ടുണ്ട്. പ്രതിയായ ആന്ധ്രാ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
കോഴിക്കോട് കക്കോടി, ചെലപ്പുറത്ത് ഉണ്ടായത് കുട്ടിയുടെ കഴുത്തില്‍നിന്ന് മാല തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു. പോലിസ് കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും  ഭിക്ഷാടനത്തിനായോ മറ്റ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്യുന്നതിനുവേണ്ടിയോ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയുന്നതിന് ക്രൈം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കാണാതാവുന്ന കുട്ടികളെ ദ്രുതഗതിയില്‍ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി കര്‍മ്മപദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തില്‍ ഭയാനകമായ ഒരവസ്ഥ നിലവിലില്ല. ഈ വിഷയത്തില്‍ സര്‍ക്കാരും പോലിസ് സംവിധാനവും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it