കുട്ടനാട് പാക്കേജ്: കോടികള്‍ ചെലവഴിച്ചെന്ന് അധികൃതര്‍

ടോമി മാത്യു

കൊച്ചി: കുട്ടനാടിന്റെ രക്ഷയ്ക്കായി വിഭാവനം ചെയ്ത കുട്ടനാട് പാക്കേജിലൂടെ ചെലവഴിച്ചത് കോടികളെന്ന് വിവരാവകാശ രേഖ. എന്നാല്‍ ദുരിതത്തില്‍ നിന്നു കരകയറാനാവാതെ കുട്ടനാട് ഇപ്പോഴും വെള്ളത്തില്‍ തന്നെ. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഏഴ് കേന്ദ്രാവിഷ്‌കൃത പദ്ധതികളും ആറു സംസ്ഥാനാവിഷ്‌കൃത പദ്ധതികളും നടപ്പാക്കിയിരുന്നു. ഇതുവഴി 9024.626 ലക്ഷം രൂപ ചെലവാക്കിയതായി സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയവും ഈ വര്‍ഷം ജൂലൈ 31 വരെ 672.95 കോടി രൂപ ചെലവഴിച്ചതായി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ആന്റ് കുട്ടനാട് പാക്കേജ് ചീഫ് എന്‍ജിനീയറുടെ കാര്യാലയവും വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയെന്നും മറുപടിയില്‍ വ്യക്തമാണ്. 2008 ജൂലൈ 24നാണ് കുട്ടനാട് പാക്കേജ് പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. എന്നാല്‍ 2010 സപ്തംബര്‍ അഞ്ചിനാണ് പാക്കേജിന്റെ ജലസേചന വകുപ്പിന്റെ കീഴില്‍ വരുന്ന പ്രവൃത്തികളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഫണ്ടുപയോഗിച്ചാണ് കുട്ടനാട് പാക്കേജ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നും 2018 ജൂലൈ 31 വരെ 8967.247 ലക്ഷം രൂപയാണ് അനുവദിച്ചതെന്ന് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ കുട്ടനാട് പാക്കേജിനായി 355.75 ലക്ഷം രൂപയും അനുവദിച്ചു.
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ലിമിറ്റഡ്, ഓണാട്ടുകര വികസന ഏജന്‍സി, കേരള സ്റ്റേറ്റ് സീഡ് ഡവലപ്‌മെന്റ് അതോറിറ്റി, പുറക്കാട് കരിനിലം ഏജന്‍സി എന്നിവ മുഖാന്തരമാണ് ഫണ്ട് ചെലവഴിക്കല്‍ നടന്നതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. 2010ല്‍ ആരംഭിച്ച കുട്ടനാട് പാക്കേജ് 2015 ഒക്ടോബര്‍ 28 വരെ കേന്ദ്രവിഹിതം 75% സംസ്ഥാന സര്‍ക്കാര്‍ വിഹിതം 25% എന്ന രീതിയിലാണ് നടപ്പാക്കിയത്. ശേഷം 50:50 എന്ന അനുപാതത്തിലാണ് നടന്നുവരുന്നതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ അംഗീകൃത കരാറുകാരാണ് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നത്.
കുട്ടനാട് പാക്കേജ് വഴി പാടശേഖരങ്ങളുടെ പുറം ബണ്ട് സംരക്ഷണവും അനുബന്ധ പ്രവൃത്തികളും നടപ്പാക്കിയതിനു ശേഷം മിക്ക പാടശേഖരങ്ങളിലും രണ്ടു കൃഷി നടത്താന്‍ സാധിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് വിത്ത്, വളം, വിളവെടുത്ത നെല്ല് എന്നിവ സുഗമമായി പാടശേഖരങ്ങളില്‍ എത്തിക്കാനും വിപണനത്തിനും സൗകര്യമൊരുക്കി. ഒരോ കൃഷിക്കും മുന്നൊരുക്കമായി നടത്തേണ്ട ബണ്ട് ബലപ്പെടുത്തുന്നതിനു വേണ്ടിവരുന്ന ഭാരിച്ച സാമ്പത്തികബാധ്യതയില്‍ നിന്നു കര്‍ഷകര്‍ക്ക് മോചനം ലഭിച്ചിട്ടുണ്ടെന്നും ചീഫ് എന്‍ജിനീയറുടെ കാര്യാലയം അവകാശപ്പെടുന്നു.

Next Story

RELATED STORIES

Share it