Alappuzha local

കുട്ടനാട് പാക്കേജും തുണയായില്ല : പകര്‍ച്ചവ്യാധി ഭീഷണി നിറഞ്ഞ് എസി കനാല്‍



രാമങ്കരി: മാലിന്യങ്ങള്‍ അടിഞ്ഞു കുന്നുകൂടിയ എ സി കനാല്‍ വീണ്ടും കുട്ടനാടിന്റെ ശാപമാവുന്നു. ഏത് നിമിഷത്തിലും പകര്‍ച്ചവ്യാധികള്‍ പടര്‍ത്താന്‍തക്ക നിലയിലാണ് ഇപ്പോള്‍ കനാലിന്റെ സ്ഥിതി.  കുട്ടനാട് പാക്കേജില്‍ പെടുത്തി കോടികള്‍ മുടക്കി നടത്തിയ  നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്ക് വെച്ച് ഉപേക്ഷിക്കപ്പെടുകയും പുല്ലും കടകലും പോളയും മറ്റ് മാലിന്യങ്ങളും തിങ്ങിനിറയുകയും ചെയ്തതോടെയാണ് ഈ കനാല്‍ വീണ്ടും നാടിന് ശാപമായ് മാറിയത്. കിടങ്ങറ മുതല്‍ പള്ളിക്കുട്ടുമ്മവരെയുള്ള ദൂരത്ത് ഒരിഞ്ചു സ്ഥലംപോലും പോളയോ മാലിന്യമോ അടിഞ്ഞുകിടക്കാത്തായി  ഇല്ല. ഒഴുക്കും കൂടി നിലച്ചതോടെ കനാലിന്റെ ദുസ്ഥിതി പറഞ്ഞറിയിക്കുക വളരെ പ്രയാസം. വര്‍ഷകാലമായതോടെ കൂടുതല്‍മലിമസമായ കനാലില്‍ നിന്നും ദുര്‍ഗന്ധം കൂടി പരക്കാന്‍ തുടങ്ങിയതോടെ പ്രദേശത്ത് ഏത് നിമിഷത്തിലും പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിച്ചേക്കുമൊ എന്ന ആശങ്കയിലാണ് ജനം.  ചങ്ങനാശ്ശേരി മനയ്ക്കച്ചിറ  മുതല്‍ ഒന്നാങ്കര വരെയാണ്  കനാലിന്റെ നീളം. വര്‍ഷകാലത്ത് ഈ കനാലില്‍ നിറയുന്ന വെള്ളം ഒഴുകിമാറാനുണ്ടാകന്ന താമസമാണ് കുട്ടനാട് പലപ്പൊഴും വെള്ളപ്പൊക്കത്തില്‍ മുങ്ങിപോകുന്നതിന് കാരണമാകുന്നതെന്നും അതിനാല്‍ കനാല്‍ ഒന്നാംങ്കര നിന്നും നെടുമുടിയിലേക്കും അവിടെ നിന്നു പള്ളാതുരുത്തിയിലേക്കും തുറക്കുന്നതോടെ മാത്രമെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ എന്നുമായിരുന്നു കുട്ടനാട് പാക്കേജിലെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. ഇതിനായ് പാക്കേജില്‍ കോടിക്കണക്കിന് രൂപ നീക്കി വെച്ചിരുന്നെങ്കിലും കനാലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായ്  ലക്ഷങ്ങള്‍ പാഴാക്കി കളയുകയും പിന്നീട് ഈ പദ്ധതി തന്നെ ഉപേക്ഷിക്കുകയും ആയിരുന്നു. പ്രാരംഭ പ്രവര്‍ത്തനം എന്ന  നിലയില്‍ മനയ്ക്കച്ചിറ മുതല്‍ കിടങ്ങറ ഒന്നാം പാലം വരെയുള്ളഭാഗത്ത്  ആഴം കൂട്ടലും കരകളില്‍ കല്‍ക്കെട്ടും നിര്‍മ്മിച്ചു. ആക്ഷേപം ശക്തമായതോടെ പിന്നീട് ഈ പദ്ധതി തന്നെ ഉപേക്ഷിച്ചു.  ഇതോടെ കനാല്‍ വീണ്ടും പഴയ പടി ആയി.  അടുത്തിടെ മനയ്ക്കച്ചിറ ഭാഗത്തെ പോളയും കടകലും  ലക്ഷങ്ങള്‍ മുടക്കി  ജെ സി ബി ഉപയോഗിച്ച്  ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്‌തെത് കനാലിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് കുറച്ചൊക്കെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നാല്‍  കാലവര്‍ഷത്തിന് തുടക്കം കുറിച്ചതോടെ ബാക്കിയുള്ള ഭാഗത്തെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയായിരുന്നു. കിഴക്കന്‍ മേഖലകളില്‍ നിന്നുകൂടി മാലിന്യങ്ങള്‍ ഇപ്പോള്‍ കനാലിലേക്ക് വന്നടിയാന്‍ തുടങ്ങിയതാണ്  സ്ഥിതി ഏറെ രൂക്ഷമാക്കുന്നത്.
Next Story

RELATED STORIES

Share it