Alappuzha local

കുട്ടനാട്ടില്‍ രണ്ടാം കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറുന്നു

ഹരിപ്പാട്: കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് താങ്ങായ കുട്ടനാടന്‍ നെല്‍പാടങ്ങള്‍ നെല്‍ കൃഷിയില്‍ നിന്നും പിന്മാറുന്നു. കൃഷിക്ക് സുരക്ഷിതമില്ലാത്തതാണ്  കൃഷിയില്‍നിന്നും കര്‍ഷകര്‍ പിന്മാറാന്‍ പ്രധാന കാരണം. 76വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന കേരളത്തിലെ പ്രധാന കാര്‍ഷികമേഖലയാണ് കുട്ടനാട്. കാലവര്‍ഷക്കാലത്ത് ഇവിടുത്തെ  പാടങ്ങള്‍ കായലുകളായി രൂപാന്തരപ്പെടുന്നു. കേരളത്തിന്റെ നെല്ലറകളായ ഈ പ്രദേശത്തെ കര്‍ഷകര്‍ നമ്മുടെ അന്നദാതാക്കളാണ്.
നെല്‍വയലുകളില്‍ പണിചെയ്യാന്‍ പരിചയ സമ്പത്തുള്ള കര്‍ഷകതൊഴിലാളികളുടെ ലഭ്യതക്കുറവും, അധിക വേതനവും, രോഗകീടങ്ങളും, കളകളും ഈ കാലഘട്ടത്തിലെ പ്രധാന പ്രശ്‌നമായ കാലാവസ്ഥാ വ്യതിയാനവും നെല്‍കര്‍ഷകരെ ഈ കാര്‍ഷിക മേഖലയില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ഈ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം നെല്‍പ്പാടങ്ങള്‍ തരിശിടുന്ന രീതി തുടര്‍ന്നുവരികയാണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ഹെക്ടര്‍  കൃഷിനിലമാണ് നികത്തുന്നത്.ആര്‍കെവി വൈ,ലാന്‍ഡ് യൂട്ടിലൈസേഷന്‍ ആക്ട്, കുട്ടനാട് പാക്കേജ് എന്നിവയില്‍ ഉള്‍പ്പെടുത്തി  തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് പലപദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. പക്ഷെ ഒന്നും ലക്ഷ്യ സ്ഥാനത്തെത്തിയില്ല. നെല്‍കൃഷിയിലെ പ്രധാന പ്രശ്‌നങ്ങളും അവയ്ക്കുതകുന്ന പരിഹാരമാര്‍ഗങ്ങളും പുത്തന്‍ പ്രതീക്ഷകളും മനസിലാക്കി പ്രവര്‍ത്തിക്കുന്നത് ഈ മേഖലയുടെ പുനരുദ്ധാരണത്തിന് സഹായകമാകുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
പുഞ്ച കൃഷിവെളവെടുപ്പ് വേളയില്‍ വേനല്‍ മഴ മിക്കകര്‍ഷകരേയും സാമ്പത്തികപ്രതിസന്ധിക്ക് കാരണമാക്കുന്നു. ഒരുപുഞ്ച സീസണ്‍ ഉപേക്ഷിച്ച്  ഓരുവെള്ളം കയറ്റി ഇടാന്‍ മന്ത്രിതലചര്‍ച്ചകള്‍ നടന്നിരുന്നു.കുട്ടനാടിനെ  സാംക്രമികരോഗങ്ങളില്‍ നിന്നും കരകയറ്റുക,മണ്ണിന്റെ അമ്ലത്വം നഷ്ടപ്പെടുന്നത് ഒഴിവാക്കുക, വരുന്ന സീസണില്‍ നല്ല വിളവ് ലഭ്യമാക്കുകയെന്നിവയായിരുന്നു മന്ത്രിതലചര്‍ച്ചയുടെ ലക്ഷ്യം.പക്ഷെ ഇതൊന്നും ലക്ഷ്യസ്ഥാനത്തെത്തിയില്ല. അതിരൂക്ഷമായ വരള്‍ച്ചയും, ജലക്ഷാമവും നട്ടെല്ലൊടിക്കുമ്പോള്‍ നെല്‍പ്പാടങ്ങളുടെ വിസ്തൃതി കഴിഞ്ഞകാലങ്ങളെക്കാള്‍ 80 ശതമാനം കുറഞ്ഞു. കുളങ്ങളും തോടുകളും മൂടിയതും ഉള്ളവകൂടി മലിനമാക്കിയതും കൃഷിയിടത്തിലേക്കുള്ള സുഗമമായ ഒഴുക്കിനും ജലലഭ്യതയ്ക്കും തടസം വരുത്തി. നിലങ്ങള്‍ തരിശായി. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തലിന് ഊന്നല്‍ നല്‍കിയുള്ള വികസനം കൃഷിഭൂമിയെ മറ്റാവശ്യങ്ങള്‍ക്ക് വഴിമാറ്റി. വലിയ നെല്‍പ്പാടങ്ങള്‍ പല കൃഷിയിടങ്ങളായി മുറിക്കപ്പെട്ടതും, പച്ചക്കറി, മരച്ചീനി മുതലായ കൃഷികള്‍ക്കായി നെല്‍കൃഷിയിടങ്ങള്‍ വഴിമാറിയതും, തൊഴിലാളി ലഭ്യതക്കുറവും, അധികവേതനവും കാലാകാലങ്ങളില്‍ കണ്ടറിഞ്ഞ മാറ്റങ്ങളാണ്.
ഭൂപരിഷ്‌കാരനയങ്ങള്‍ നെല്‍പ്പാടങ്ങള്‍ മുറിക്കപ്പെടുവാനും, പാട്ടകൃഷിയിലേക്കുള്ള മാറ്റത്തിനും കാരണമായി. കാര്‍ഷിക മേഖലയിലെ അവശ്യ വസ്തുക്കളായ വിത്ത്, വളം, കീടനാശിനി, കളനാശിനി എന്നിവയുടെ വില വര്‍ധനവ് വന്‍ തോതില്‍ കടമെടുക്കുവാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കി. കാര്‍ഷിക കമ്പോളത്തിലേക്ക് ആഗോള കുത്തകകള്‍ വന്നതും, ഉപോല്‍പന്ന വിപണി മെച്ചപ്പെടാത്തതും, കൊയ് ത്തിനു ശേഷമുള്ള വില്‍പ്പന ഇടപാടുകളിലെ കര്‍ഷക സൗഹൃദമല്ലാത്ത ഇടപെടലുകളും നെല്‍കൃഷിക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്.കാര്‍ഷിക കലണ്ടറില്‍ നിജപ്പെടുത്തിയുള്ള കൃഷി മുറകള്‍ നടത്തുന്നതിലുള്ള ബുദ്ധിമുട്ടുകളും ഗുണനിലവാരമുള്ള വിത്തിന്റെ ലഭ്യതക്കുറവും പുത്തന്‍ കാര്‍ഷിക ഗവേഷണ ഫലങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും നെല്‍കൃഷിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു. മാറിവരുന്ന കാലാവസ്ഥയില്‍ രോഗ, കീട, കള പ്രശ്‌നങ്ങളില്‍ വരുന്ന പുതിയ ആവിര്‍ഭാവങ്ങളും അവയുടെ മാറ്റങ്ങളും കര്‍ഷകര്‍ക്കും കാര്‍ഷിക ഗവേഷകര്‍ക്കും എന്നും തലവേദനയായി മാറുന്നു.
നെല്‍ കൃഷിയിലെ പരമ്പരാഗത രീതികളും അനുഭവ സമ്പത്തിന്റെ കുറവും യുവതലമുറയെ ഈ കൃഷിയിലേക്ക് കാര്യമായി ആകര്‍ഷിക്കുന്നില്ല. എന്നുമാത്രമല്ല ഓരോ സീസണിലും കൃഷി നശിക്കുമ്പോഴും  ശാശ്വതപരിഹാരമെന്ന നിലയില്‍ കരിങ്കല്ലുകൊണ്ട് പുറംബണ്ട് കെട്ടി കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നുമില്ല. കര്‍ഷകരുടെ നഷ്ടത്തിന്റെ കണക്ക് കുറച്ചുകൊണ്ടുവരുവാന്‍ ഇതിനുകഴിയുമെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനു സര്‍ക്കാരും, എല്ലാപാടശേഖരങ്ങളും,കൃഷിവകുപ്പും,കാര്‍ഷിക ഏജന്‍സികളും, ത്രിതലപഞ്ചായത്തുകളും തയ്യാറാകണമെന്നാവശ്യം ശക്തമാകുകയാണ്.
Next Story

RELATED STORIES

Share it