Alappuzha local

കുട്ടനാട്ടില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു

എടത്വ: രണ്ടു ദിവസം മാറി നിന്ന മഴ വീണ്ടും തകര്‍ത്തു പെയ്തതോടെ കുട്ടനാട്ടില്‍ ജല നിരപ്പ് വീണ്ടും ഉയര്‍ന്നു.നെല്‍കൃഷിക്കു പുറമേ മറ്റു കൃഷികളും നാശത്തിനിരയായതോടെ നൂറു കണക്കിന് കര്‍ഷകരാണ്  കടക്കെണിയിലായിരിക്കുന്നത്. എടത്വ, തലവടി, തകഴി, ചെറുതന, വീയപുരം തുടങ്ങി കുട്ടനാട്ടിലേയും അപ്പര്‍ കുട്ടനാട്ടിലേയും നൂറുകണക്കിന് കര്‍ഷകര്‍ ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ ലക്ഷക്കണക്കിന് വാഴകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.വീയപുരത്ത് മീനത്തേല്‍ തോമസ് ജോസഫ്, ഇബ്രാഹിം കുട്ടി ആറു പറയില്‍, നാസര്‍ കടവില്‍ പറമ്പില്‍, ജോഷ്വാ നന്നങ്കേരില്‍, ചെറുതനയില്‍ രാജേഷ് രാജേഷ് ഭവനം, ജോയി കൊല്ലമ്പറമ്പില്‍ തുടങ്ങി നിരവധി കര്‍ഷകരുടെ കൃഷി വെള്ളത്തിലായിരിക്കുകയാണ്.
ഒരു ദിവസം വാഴയുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നതോടെ വാഴകൃഷി തകര്‍ച്ചയിലാകും. ഏറ്റവും കനം കുറഞ്ഞതും വെള്ളത്തിന്റെ സാന്നിധ്യം എത്തിയാല്‍ തന്നെ അഴുകി നശിക്കുന്നതുമാണ് വാഴയുടെ വേരുകള്‍.  വേരു നശിക്കുന്നതോടെ വാഴക്കൈകള്‍ ക്രമേണ പഴുക്കുകയും വാഴ നിലം പതിക്കുകയും ചെയ്യും.
കുലച്ച വാഴകളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.  വെള്ളവും  വളവും വലിച്ചെടുക്കേണ്ട അനിവാര്യ സമയത്താണ് വേരുകള്‍ ഇല്ലാതാകുന്നത്. വിത്തില്‍ നിന്നും പുതിയ വേരുകള്‍ പൊട്ടുമെങ്കിലും അതിന് മുമ്പ് തന്നെ വാഴകള്‍ നിലം പതിക്കാറാണ് പതിവ്.
കോന്നി പത്തനാപുരം പ്രദേശങ്ങളില്‍ നിന്നാണ് വാഴവിത്തുകള്‍ സംഭരിക്കുന്നത്. അതിനാല്‍ കൃഷിക്ക് ചിലവുകളും ഏറെയാണ്.  വിത്തിടല്‍ മുതല്‍ കുലയ്ക്കുന്നത് വരെയുള്ള ഏഴെട്ട് മാസത്തിനുള്ളില്‍ വെള്ളം,വളം, വാഴ  മറിയാതിരിക്കാന്‍ കാല്‍ നാട്ടല്‍ ഉള്‍പ്പടെ ഒരു വാഴയ്ക്ക് 300 രൂപയ്ക്ക് മുകളില്‍ ചിലവ് വരും. നാടന്‍ കുലകള്‍ക്ക് നല്ല വില ലഭിക്കുമെന്നതിനാലും ആവശ്യക്കാര്‍ ഏറെയുള്ളതിനാലും ഏത്തവാഴ കര്‍ഷകര്‍ ഈ രംഗത്തേക്ക് കൂടുതലായും എത്തുന്നുണ്ട്.
വാഴകൃഷിക്ക് ഇന്‍ഷുര്‍ പരിരക്ഷ ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ കൃഷിയിറക്കുന്ന കര്‍ഷകര്‍ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് നടപടികള്‍ സ്വീകരിക്കാറുണ്ട്.
എന്നാല്‍ ചെറുകിട കര്‍ഷകര്‍ ഇതിന് മുതിരാറില്ല. ഒരു വാഴക്ക് മൂന്നുരൂപ ക്രമത്തിലാണ് ഇന്‍ഷുറന്‍സിന്റെ പ്രീമിയം അടക്കേണ്ടത്.  എന്നാല്‍ വാഴ കര്‍ഷകര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് സബ്‌സിഡിയോടും സൗജന്യമായും കൃഷിഭവനുകള്‍ വഴി വാഴ വിത്തുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ സമീപ കാലത്തായി ഈ പ്രവണത നിലച്ചതായി വാഴ കര്‍ഷകര്‍ പറയുന്നു.ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തും സ്വകാര്യ വ്യക്തികളില്‍ നിന്നും പലിശയ്‌ക്കെടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ പ്രതീക്ഷകള്‍ തകര്‍ന്ന് കണ്ണീര്‍ക്കയത്തില്‍പ്പെട്ട നിലയിലാണ്. ഇത്തരം കര്‍ഷകരെ സംരക്ഷിക്കുന്നതിന് അടിയന്തിര സഹായം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it