Editorial

കുടുംബ ബന്ധങ്ങളും കോടതി നിലപാടുകളും

വിവാഹേതര ലൈംഗികബന്ധം കുറ്റകൃത്യമല്ലെന്ന സുപ്രിംകോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കാന്‍ സാധ്യതയുള്ളതാണെന്നതില്‍ സംശയമില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ് റദ്ദ് ചെയ്തുകൊണ്ടാണ് സുപ്രിംകോടതി ബെഞ്ചിന്റെ വിധി. ബ്രിട്ടിഷ് കാലം മുതല്‍ക്കേ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിലനിന്ന വകുപ്പാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
ഐപിസി 497 പിന്തിരിപ്പനാണെന്നും സ്ത്രീയുടെ അന്തസ്സിനും തുല്യതയ്ക്കും എതിരായ ഏതു നിയമവും ഭരണഘടനാവിരുദ്ധമാണെന്നുമാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഒരു സ്ത്രീയുമായി അവരുടെ ഭര്‍ത്താവിന്റെ സമ്മതമോ മൗനാനുവാദമോ ഇല്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാക്കുന്ന നിയമമാണ് ഐപിസി 497. ബലാല്‍സംഗം ഇതിന്റെ പരിധിയില്‍ പെടുകയില്ല. അഞ്ചുവര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമാണിത്. എന്നാല്‍, സ്ത്രീ ശിക്ഷാവിധേയയാവുന്നില്ല. നിലവിലെ നിയമമനുസരിച്ച് പുരുഷന്‍ മാത്രമാണ് കുറ്റക്കാരന്‍. ഇതു വിവേചനപരമാണെന്നും സ്ത്രീയെ കൂടി കുറ്റകൃത്യത്തില്‍ പങ്കാളിയായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധിന്യായം വന്നിരിക്കുന്നത്. നിയമത്തിലെ പോരായ്്മ പരിഹരിക്കുന്നതിനു പകരം നിയമം റദ്ദ് ചെയ്യുകയാണിവിടെ കോടതി. വിവാഹബന്ധത്തിന്റെ പവിത്രത സംരക്ഷിക്കാന്‍ നിയമം നിലനില്‍ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദവും നീതിപീഠം മുഖവിലയ്‌ക്കെടുത്തില്ല.
വിധിപ്രസ്താവവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നിശിതമായ വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും പേരില്‍ കണ്ണുമടച്ചു തള്ളേണ്ടതാണോ വിവാഹബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും അടിവേരറുക്കുന്ന നിയമവ്യാഖ്യാനങ്ങള്‍ എന്നു നാം ആലോചിക്കണം. വിവാഹേതര ലൈംഗികബന്ധം വിവാഹമോചനത്തിന് സാധുവാകുന്ന കാരണമാണെന്ന് കോടതി തന്നെ സമ്മതിക്കുന്ന സ്ഥിതിക്ക് കുടുംബ-സാമൂഹിക പ്രശ്‌നങ്ങള്‍ കൂടി കോടതിയുടെ പരിഗണനയ്ക്കു വന്നില്ലെന്നതു ഖേദകരമാണ്. വിവാഹത്തിലൂടെ സ്ത്രീയുടെ സ്വാതന്ത്ര്യം നിയമം വഴി കവര്‍ന്നെടുക്കുകയാണെന്നും മറ്റുമുള്ള നിഗമനങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ അംഗീകരിക്കാവുന്നതാണോ എന്ന സംശയവും ബാക്കിനില്‍ക്കുന്നു. നിയമം മാത്രമല്ല, ധാര്‍മിക പാഠങ്ങളും ജനസമൂഹങ്ങള്‍ പടുത്തുയര്‍ത്തിയ സാംസ്‌കാരിക ശീലങ്ങളും കൂടിയാണ് കുടുംബ-സാമൂഹിക-രാഷ്ട്ര ജീവിതത്തെ ക്രമപ്പെടുത്തുന്നത്. വൈവാഹിക ജീവിതത്തിന്റെ പവിത്രത തകര്‍ക്കുകയും കുടുംബബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്ന നിയമവ്യാഖ്യാനങ്ങള്‍ സമൂഹത്തെ അധാര്‍മികതയിലേക്കും അരാജകത്വത്തിലേക്കുമായിരിക്കും നയിക്കുക.
ഭര്‍ത്താവിന്റെ സമ്മതമോ മൗനാനുവാദമോ ഉണ്ടെങ്കില്‍ ഭാര്യയുടെ വിവാഹേതര ലൈംഗികബന്ധം 497ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്നത് നിശ്ചയമായും അന്യൂനമായ ഒന്നല്ല. നിയമത്തിലെ ഈ വിവക്ഷ അദ്ഭുതപ്പെടുത്തുന്നുവെന്ന സുപ്രിംകോടതിയുടെ അഭിപ്രായം യുക്തിസഹവുമാണ്. സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാക്കിയതിനേക്കാള്‍ അനേകമടങ്ങ് പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്ന വിധിയായിരിക്കും ഇപ്പോഴത്തേതെന്ന് ആശങ്കപ്പെടേണ്ടതുണ്ട്. ലൈംഗിക ചോദനയും ലൈംഗിക വ്യതിചലനവും തുല്യപ്പെടുത്തുന്നതിലെ 'ധാര്‍മികയുക്തി'യും ചോദ്യംചെയ്യപ്പെടേണ്ടതുതന്നെയാണ്.

Next Story

RELATED STORIES

Share it