കുടുംബശ്രീ സംസ്ഥാന കലോല്‍സവം, രണ്ടാംതവണയും കിരീടത്തില്‍ മുത്തമിട്ട്

കാസര്‍കോട്എടപ്പാള്‍: മൂന്നാമത് കുടുംബശ്രീ സംസ്ഥാന കലോല്‍സവം അരങ്ങ് 2018ന് തിരശ്ശീല വീഴുമ്പോള്‍ കലോല്‍സവത്തില്‍ തുടക്കംമുതല്‍ ആധിപത്യം പുലര്‍ത്തിയ കാസര്‍കോട് ജില്ലാ ഓവറോള്‍ കിരീടം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷവും ജേതാക്കളായ കാസര്‍കോട് 110 പോയിന്റ് നേടിയപ്പോള്‍ 93 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനവും 75 പോയിന്റുമായി കണ്ണൂര്‍ മൂന്നാംസ്ഥാനവും സ്വന്തമാക്കി. 56 പോയിന്റുമായി ആതിഥേയരായ മലപ്പുറം ജില്ല നാലാം സ്ഥാനത്തെത്തി.
മൂന്ന് ദിവസമായി നടന്നുവരുന്ന കലോല്‍സവത്തില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നും മികച്ച പങ്കാളിത്തം ഉണ്ടായി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി തരംതിരിച്ചാണ് ഇത്തവണ മല്‍സരങ്ങള്‍ നടത്തിയത്. 18 വയസ്സു മുതല്‍ 69 വയസ്സുവരെയുള്ള 1500ഓളം കലാകാരികള്‍ അഞ്ചു വേദികളിലായി 30ഓളം ഇനങ്ങളില്‍ മാറ്റുരച്ചു.
കുടുംബശ്രീ നേടിയ വളര്‍ച്ച വിസ്മയാവഹമാണെന്ന് കുടുംബശ്രീ സംസ്ഥാന കലോല്‍സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ ശ്രീമതി ടീച്ചര്‍ എംപി പറഞ്ഞു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സ്ത്രീകളെ സംഘടിപ്പിച്ച് ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീക്ക് തുടക്കംകുറിച്ചത്. എന്നാല്‍ ഇന്നു കാണുന്ന ആഴത്തില്‍ കുടുംബശ്രീ വളരുമെന്ന് അന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ശ്രീമതി ടീച്ചര്‍ പറഞ്ഞു.
സമാപന സമ്മേളനത്തില്‍ മന്ത്രി കെ ടി ജലീല്‍, പി കെ ശ്രീമതി, രാഷ്ട്രീയ പ്രതിനിധികള്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it