കുടുംബശ്രീ വനിതകളുടെ കഥയുമായി ഗ്രാമോദയം

പത്തനംതിട്ട: കുടുംബശ്രീ വനിതകളുടെ കഥപറയുന്ന ഗ്രാമോദയം സിനിമ അണിയറയില്‍ ഒരുങ്ങുന്നു. സാമൂഹികമായും സാമ്പത്തികമായും ഒരു പ്രദേശത്തെ ഉന്നമനത്തിലെത്തിക്കുന്നതിന് കുടുംബശ്രീക്കുള്ള പങ്ക് ചെറുതല്ല. അതിന്റെ നേര്‍ക്കാഴ്ച ജനങ്ങളിലെത്തിക്കുന്ന ചിത്രമാണ് ഇരട്ടസംവിധായകരായ സന്തോഷ് പ്രഭുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗ്രാമോദയം എന്ന മലയാള ചലച്ചിത്രം. മാര്‍ക് എക്‌സ് മീഡിയയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. ഒരു കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.  മധു, മാമുക്കോയ, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സെല്‍വരാജ്, സംഗീത മോഹന്‍, അര്‍ച്ചന തുടങ്ങിയവര്‍ പ്രധാന താരങ്ങളായി അണിനിരക്കുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും അഭിനയിക്കുന്നു.
സന്തോഷ് തിരക്കഥ എഴുതുന്ന ഗ്രാമോദയത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് ബെന്നി ആശംസയാണ്. ആലപ്പുഴ, കുട്ടനാട്, ഇടുക്കി എന്നിവിടങ്ങളിലാണ് ചിത്രീകരണം. പത്തനംതിട്ട ജില്ലയിലെ കുടുംബശ്രീ മിഷന്റെ എല്ലാവിധ സഹകരണങ്ങളോടും കൂടിയാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നതെന്ന് സംവിധായകരിലൊരാളായ സന്തോഷ് പറഞ്ഞു.
വിദ്യാധരന്‍ മാസ്റ്റര്‍, ലിജോ ജോണ്‍സണ്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
Next Story

RELATED STORIES

Share it