thrissur local

കുടുംബശ്രീ നീതം ജെന്‍ഡര്‍ കാംപയിന് തൃശൂര്‍ ജില്ലയില്‍ തുടക്കം

തൃശൂര്‍: കുടുംബശ്രീ സംസ്ഥാന മിഷന്റെ പദ്ധതിയായ നീതം 2018 നീതിക്കൊരു കൂട്ടായ്മ ഒരു മാസം നീണ്ട് നില്‍ക്കുന്ന കാംപയിന് ജില്ലയില്‍ തുടക്കമായി. വിളംമ്പരജാഥകള്‍, കുടുംബസംഗമങ്ങള്‍, ചര്‍ച്ചകള്‍, കലാപരിപാടികള്‍ എന്നിങ്ങനെ വിപുലമായ പരിപാടികളോടെയാണ് അയല്‍ക്കൂട്ടങ്ങള്‍ നീതം 2018 കാംപയിന്‍ ആരംഭിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങളെ ചെറുക്കുക, പ്രതികരിക്കാന്‍ പ്രാപ്തരാക്കുക, പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിക്കുക എന്നിവ അയല്‍ക്കൂട്ട തലങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ നീതം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു ദിവസം നീണ്ട് നിന്ന അയല്‍ക്കൂട്ട സംഗമത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നേരെ നടക്കുന്ന അതിക്രമങ്ങളെകുറിച്ച് ചര്‍ച്ചകളും തുടര്‍പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടന്നു. തുടര്‍ന്നായിരുന്നു കുടുംബശ്രീ അംഗങ്ങളുടെ കുടുംബസംഗമം. കുടുംബങ്ങളിലെ ജനാധിപത്യത്തെക്കുറിച്ച് സ്ത്രീയും പുരുഷനും ചേര്‍ന്ന് ചര്‍ച്ചചെയ്തു. ഓരോ അയല്‍ക്കൂട്ടപ്രദേശവും ശിശു-സ്ത്രീ സൗഹൃദമാക്കി മാറ്റുന്നതിനുളള കര്‍മ്മപദ്ധതികള്‍ അയല്‍ക്കൂട്ടങ്ങളില്‍ ചര്‍ച്ച ചെയ്തു. നീതം കാംപയിന്റെ ഭാഗമായി അയല്‍ക്കൂട്ട തലങ്ങളില്‍ കൈപുസ്തകം വിതരണം ചെയ്തിരുന്നു. അതിക്രമങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി നല്‍കിയ ഫോറം പൂരിപ്പിക്കലും സംഗമത്തില്‍ നടന്നു. അതിക്രമങ്ങള്‍ക്കെതിരെ സഹയാത്രാസംഗമം പേരില്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിഡിഎസ് തലങ്ങളില്‍ 17ന് നടക്കും. സിഡിഎസ് തലങ്ങളില്‍ നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ സഹയാത്രാ സംഗമത്തില്‍ പ്രദര്‍ശിപ്പിക്കും.സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹായത്തോടെ ജില്ലയിലെ പതിനാല് ബ്ലോക്കുകളില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവെല്ലുകള്‍ക്ക് തുടക്കമായി. 20 വരെയാണ് ചലച്ചിത്ര പ്രദര്‍ശനം നടക്കുന്നത്. സ്ത്രീയും തൊഴിലും, സ്ത്രീകളുടെ മുഖ്യധാരവല്‍കരണം കുടുംബശ്രീയിലൂടെ, സ്ത്രീയും ഭരണനിര്‍വ്വഹണവും വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഫോട്ടോഗ്രാഫി മല്‍സരവും കാംപയിനോടനുബന്ധിച്ച് നടത്തുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയ ഫെസിലിറ്റേറ്റേഴ്‌സ് അയല്‍ക്കൂട്ട സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കി. അയല്‍ക്കൂട്ട സംഗമത്തില്‍ ബന്ധപ്പെട്ട സ്ഥലങ്ങളിലെ ജനപ്രതിനിധികളും കുടുംബശ്രീ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story

RELATED STORIES

Share it