Flash News

കുടിശ്ശിക സര്‍ക്കാര്‍ നല്‍കും

തിരുവനന്തപുരം/കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക സര്‍ക്കാര്‍ നല്‍കും. കുടിശ്ശികയിനത്തിലെ മുഴുവന്‍ തുകയും ബുധനാഴ്ചയ്ക്കകം നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. പെന്‍ഷന്‍ മുടങ്ങിയതിലുള്ള വിഷമത്തില്‍ രണ്ടു പെന്‍ഷന്‍കാര്‍ ആത്മഹത്യചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
261 കോടിയാണ് കുടിശ്ശിക തീര്‍ക്കാന്‍ വേണ്ടിവരുക. ഈ തുക വായ്പയായി സഹകരണ ബാങ്കുകളില്‍ നിന്നു സമാഹരിക്കാനാണ് തീരുമാനം. ബാങ്കുകളും സര്‍ക്കാരും തമ്മിലുള്ള ധാരണാപത്രം ഇന്നു തയ്യാറാവും. പെന്‍ഷന്‍കാര്‍ ഒരാഴ്ചയ്ക്കകം സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പ്രതിമാസം 60 കോടിയാണ് പെന്‍ഷന്‍ ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കേണ്ടത്.
അതിനിടെ, കെഎസ്ആര്‍ടിസിയില്‍ നിന്നു വിരമിച്ചവരുടെ 2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ ബാധ്യത വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നാലു മാസത്തെ കുടിശ്ശികയടക്കം നല്‍കേണ്ടതിനാല്‍ 600 കോടിയോളം രൂപ ഇതിന് വേണ്ടിവരുമെന്നും പെന്‍ഷന്‍ ലഭിക്കാത്തത് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജികള്‍ക്കുള്ള മറുപടിയായി സര്‍ക്കാര്‍ വ്യക്തമാക്കി. ഈ മാസം ഏഴിന് മുഖ്യമന്ത്രിയടക്കം പങ്കെടുത്ത യോഗത്തിലെ തീരുമാനമാണിത്. പുതിയ നീക്കത്തിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ചിന് മുമ്പായി നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുള്ളതായി അഡീഷനല്‍ സെക്രട്ടറി എസ് മാലതി സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.
കെഎസ്ആര്‍ടിസിയെ പുനസ്സംഘടിപ്പിക്കുന്നത് പഠിക്കാന്‍ നിയമിച്ച പ്രഫ. സുശീല്‍ ഖന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വായ്പാ തിരിച്ചടവാണ് കെഎസ്ആര്‍ടിസിക്ക് ഏറ്റവുമധികം ബാധ്യതയുണ്ടാക്കുന്നതെന്ന് സത്യവാങ്മൂലം പറയുന്നു. അതിനാല്‍ പലിശ കൂടിയ ഹ്രസ്വകാല വായ്പകള്‍ പലിശ കുറഞ്ഞ ദീര്‍ഘകാല വായ്പകളാക്കാന്‍ എസ്ബിഐയുടെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഇതിനുശേഷം പെന്‍ഷനും ശമ്പളവും സമയത്തിന് നല്‍കാവുന്ന രീതിയിലേക്ക് കെഎസ്ആര്‍ടിസി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക പുനസ്സംഘടനാ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെയും ഒരു ഡെപ്യൂട്ടി ജനറല്‍ മാനേജരെയും കെഎസ്ആര്‍ടിസിയില്‍ നിയമിച്ചിട്ടുണ്ട്. പ്രതിദിന വരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത ശതമാനം പെന്‍ഷനായി മാറ്റിവയ്ക്കാനാവുമോ എന്ന കോടതിയുടെ നിര്‍ദേശം ഫലപ്രദമല്ലെന്ന് സത്യവാങ്മൂലം പറയുന്നു.
പെന്‍ഷന് പ്രത്യേകം തുക മാറ്റിവയ്ക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയും കോര്‍പറേഷന്‍ അടച്ചുപൂട്ടാന്‍ കാരണമാവുകയും ചെയ്യും. പൊതുഗതാഗതത്തെ പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നിവയെപ്പോലെ പരിഗണിച്ച് സാമ്പത്തിക പിന്തുണ നല്‍കണം.
പൊതുഗതാഗത സംവിധാനത്തിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം അനിവാര്യമാണെന്നാണ് ജേണല്‍ ഓഫ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ റിപോര്‍ട്ട് പറയുന്നത്. സുശീല്‍ ഖന്ന റിപോര്‍ട്ട് കെഎസ്ആര്‍ടിസിയെ പുനസ്സംഘടിപ്പിക്കാന്‍ വേണ്ട തന്ത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. നടപടികള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ പെന്‍ഷന്‍ നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും സത്യവാങ്മൂലം പറയുന്നു.
Next Story

RELATED STORIES

Share it