kozhikode local

കുടിവെള്ള വിതരണം വീണ്ടും അവതാളത്തില്‍

വടകര: കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റി കരാറുകാര്‍ ആരംഭിച്ച പണിമുടക്ക് പിന്‍വലിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും നല്‍കാമെന്ന് പറഞ്ഞ കുടിശ്ശിക ലഭിക്കാത്തതിനാല്‍ പുതിയ ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ താലൂക്കില്‍ കരാറുകാര്‍ തയ്യാറാവുന്നില്ലെന്ന് പരാതി. ഇതോടെ വീണ്ടും താലൂക്കിലെ പൈപ്പുകള്‍ പൊട്ടിയ പ്രശ്‌നം നിലനില്‍ക്കുന്നതോടൊപ്പം കുടിവെള്ള വിതരണം വീണ്ടും അവതാളത്തിലേക്ക്.  മാര്‍ച്ച് 16 മുതലായിരുന്നു കരാറുകള്‍ 11 മാസത്തെ കുടിശ്ശിക ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്.
നേരത്തെ നോട്ടീസ് നല്‍കിയെങ്കിലും അധികൃതര്‍ ചര്‍ച്ചക്ക് വിളിച്ച് സമരം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ഇതോടെ സമരം അനിശ്ചിത കാലത്തേക്ക് നീണ്ടു. 4 മാസത്തെയെങ്കിലും കുടിശ്ശിക തന്നാല്‍ സമരം അവസാനിപ്പിക്കാമെന്നായിരുന്നു കരാറുകാര്‍ പറഞ്ഞത്. സമരം നീണ്ടതോടെ വടകര താലൂക്കില്‍ കുടിവെള്ള വിതരണം നിലച്ചു.
പ്രശ്‌നം ഗുരുതരമായതോടെ എംഎല്‍എമാരായ സി കെ നാണു, വി കെ സി മമ്മദ്‌കോയ എന്നിവര്‍ ചേര്‍ന്ന് തിരുവനന്തപുരത്ത് കഴിഞ്ഞ 2ാം തിയ്യതി മന്ത്രി മാത്യു ടി തോമസുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഈ ചര്‍ച്ചയിലാണ് കരാറുകാരുടെ കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായത്. എന്നാല്‍ പ്രശ്‌നം പരിഹരിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും കരാറുകാര്‍ക്ക് കുടിശ്ശിക ലഭിക്കാത്തതാണ് പ്രശ്‌നം വീണ്ടും ഉടലെടുക്കാന്‍ ക രണമായത്. ടെന്‍ഡര്‍ നടപടികള്‍ ഡിപ്പാര്‍ട്ട്‌മെ ന്റ് തലത്തില്‍ നടക്കുന്നുണ്ടെങ്കിലും ഏറ്റെടുക്കാന്‍ കരാറുകാരില്ലാത്തതിനാ ല്‍ എന്ത് ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥരെയും കുഴക്കുകയാണ്. കരാറുകാരുടെ പണിമുടക്കിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ താലൂക്കില്‍ കുടിവെള്ള വിതരണം പൂര്‍ണമായി നിലച്ചിരുന്നു. പൈപ്പുകള്‍ പൊട്ടിയത് പരിഹരിക്കാന്‍ കരാറുകാരില്ലാത്തതിനാലാണ് താലൂക്കിലെ മിക്ക സ്ഥലങ്ങളിലും ജലവിതരണം മുടങ്ങി. വെള്ളം വിതരണം ചെയ്യാനുള്ള ടാങ്കിലേക്ക് പോവുന്ന പ്രധാന പൈപ്പുകളും, വിതരണ പൈപ്പുകളുമാണ് പൊട്ടിയത്.
പൈപ്പുകള്‍ പൊട്ടുന്നത് വടകരയിലാണ് ഏറെ ബാധിച്ചിരിക്കുന്നത്. ഈ വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന തീരദേശവാസികളെയാണ് പ്രശ്‌നം ഗുരുതരമായി ബാധിച്ചത്. വേനല്‍ ആരംഭിച്ചതോടെ തീരദേശത്തെ കിണറുകളെല്ലാം വറ്റിത്തുടങ്ങി. ചില കിണറുകളില്‍ ഉപ്പുരസവും കയറി. മറ്റു ജലസ്രോതസ്സും പകുതിയോളം നിലച്ച സമയത്ത് ശുദ്ധജലം വിതരണം കൂടി മുടങ്ങിയതോടെ പൂര്‍ണമായി കുടിവെള്ളം മുട്ടിയ നിലയിലാണ് തീരദേശം. കുടിവെള്ളം മുടങ്ങിയ സാഹചര്യത്തില്‍ വിവിധ സംഘടനകളും മറ്റും എത്തിക്കുന്ന വെള്ളത്തെ ആശ്രയിച്ച് കഴിയേണ്ട സ്ഥിതിയാണ് ഇവിടത്തുകാര്‍ക്ക്.
അതേസമയം കരാറുകാരുടെ സമരം പിന്‍വലിച്ചിട്ടും കുടിവെള്ള വിതരണം അവതാളത്തിലായ സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പ്രദേശത്തുകാര്‍ വാട്ടര്‍ അതോറിറ്റി മാര്‍ച്ച് അടക്കമുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കരാറുകാരുടെ കുടശ്ശിക നല്‍കി പൊട്ടിയ പൈപ്പുകള്‍ നേരെയാക്കി കുടിവെള്ള വിതരണം എത്രയും പെട്ടെന്ന് സുഖമമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it