Kottayam Local

കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നത് വൈകും



ചങ്ങനാശ്ശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി നഗരത്തില്‍ ബന്ധം വിഛേദിച്ചിരിക്കുന്ന കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നത് വൈകാന്‍ സാധ്യത. വാട്ടര്‍ അതോറിറ്റിയും കെഎസ്ടിപിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇതിനു കാരണം. റോഡ് പണികള്‍ നടക്കുമ്പോള്‍ പൈപ്പുകള്‍ പൊട്ടിയാല്‍ അവ മാറ്റി സ്ഥാപിക്കേണ്ടത് ആരെന്ന തര്‍ക്കം മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് പൈപ്പ് മാറ്റിയിടുന്നത് വൈകുന്നത്. കെഎസ്ടിപിയാണ് പൈപ്പുകള്‍ മാറ്റിയിടേണ്ടതെന്ന് വാട്ടര്‍ അതോരിറ്റിയും വാട്ടര്‍ അതോരിറ്റിയാണെന്നു കെഎസ്ടിപിയും പരസ്പരം പഴിചാരുകയാണിപ്പോള്‍. സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ റെഡ് സ്‌ക്വയര്‍ വരെയുള്ള രണ്ടു കിലോ മീറ്റര്‍ ദൂരത്തില്‍ ഇരുവശങ്ങളിലായി സ്ഥാപിച്ച 180 എംഎം പൈപ്പുകളിലൂടെയാണ് നഗരത്തിലെ കടകള്‍ക്കുള്ള ശുദ്ധജലം എത്തിക്കുന്നത്.റോഡ് നിര്‍മാണം ആരംഭിച്ചതോടെ പലയിടത്തും പൈപ്പു പൊട്ടിയതിനെത്തുടര്‍ന്നു ഇതിന്റെ ബന്ധം വിഛേദിച്ചിരിക്കുകയാണ്.  എന്നാല്‍ പൊട്ടിയ പൈപ്പുകള്‍ക്കു സമാനമായത് തങ്ങളുടെ പക്കല്‍ ഇല്ലെന്നും 90 എംഎം പൈപ്പുകള്‍ മാത്രമാണുള്ളതെന്നും കെഎസ്ടിപി അധികൃതര്‍ പറയുന്നു. തന്നെയുമല്ല ഇങ്ങനെ പൈപ്പുകള്‍ മാറ്റിയിടണമെന്നു  കരാറില്‍ പറഞ്ഞിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ചെങ്ങന്നൂര്‍-മൂവാറ്റുപുഴ റോഡില്‍ എട്ടു കിലോ മീറ്റര്‍ പൈപ്പുകള്‍ മാത്രം മാറ്റിയിടാനാണ് കരാറില്‍ ഉള്ളത്. എന്നാല്‍ 64 കിലോമീറ്റര്‍ പൈപ്പുകള്‍ ഇപ്പോള്‍ തന്നെ മാറ്റിയിട്ടു കഴിഞ്ഞു. ഇതിനായി 30 കോടി രൂപയോളം ചെലവായിട്ടുമുണ്ട്. ഇനി 18 കിമീറ്റര്‍ ദൂരത്തില്‍ പൈപ്പിടുകയും വേണം. ഇതു തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നാണ് കെഎസ്ടിപി പറയുന്നത്. എന്നാല്‍ തങ്ങളുടെ കുറ്റംകൊണ്ടല്ലാ റോഡിലെ പൈപ്പുകള്‍ പൊട്ടിയതെന്നും അവ മാറ്റിയിടേണ്ട ഉത്തരവാദിത്വം പൊട്ടിച്ചവര്‍ക്കാണെന്നും വാട്ടര്‍ അതോരിറ്റിയും വ്യക്തമാക്കുന്നു.  ഈ സാഹചര്യത്തില്‍ നഗരത്തില്‍ നാലുകിമീറ്റര്‍ പൈപ്പുകള്‍ ആരു മാറ്റിയിടുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.എന്നാല്‍ പൈപ്പുകള്‍ മാറ്റിയിടാമെന്നു അവലോകന യോഗത്തില്‍ കെഎസ്ടിപി ഒഴുക്കന്‍മട്ടില്‍ പറഞ്ഞതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തത ഇനിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ നഗരത്തിലെ കച്ചവടക്കാര്‍ക്ക് കുടിവെള്ളം ലഭിക്കുന്നതു റോഡ് നിര്‍മാണം പൂര്‍ത്തിയായും വൈകാനാണ് സാധ്യത.
Next Story

RELATED STORIES

Share it