Idukki local

കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം തേടി കരുണാപുരം നിവാസികള്‍

നെടുങ്കണ്ടം: ഹൈറേഞ്ചില്‍ വേനല്‍മഴ ആശ്വാസം പകരുമ്പോഴും കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം തേടി കരുണാപുരത്തെ ജനങ്ങള്‍ അലയുകയാണ്. ജലനിധി പഞ്ചായത്തായി പ്രഖ്യാപിച്ചതിനാല്‍ പഞ്ചായത്തിനു ശുദ്ധജല വിതരണത്തിനു ഫണ്ടില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ജില്ലയിലെ ഏക വരള്‍ച്ചാബാധിത പഞ്ചായത്തായി പ്രഖ്യാപിച്ചിരിക്കുന്നത് കരുണാപുരം പഞ്ചായത്തിനെയാണ്. 17 വാര്‍ഡുകളിലായി പതിനായിരക്കണക്കിനു ജനങ്ങള്‍ക്കു കഴിഞ്ഞ മൂന്നു മാസമായി പഞ്ചായത്ത് പുറത്തുനിന്നു ജലം കടമെടുത്താണ് ശുദ്ധജലവിതരണം നടത്തുന്നത്. ജലവിതരണത്തിനായി തുക അനുവദിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തി.
പഞ്ചായത്തിലെ 17 വാര്‍ഡുകളിലും ജലക്ഷാമം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായി. ഇതോടെ പഞ്ചായത്തും പ്രതിസന്ധിയിലായി. നിലവിലെ സാഹചര്യത്തില്‍ വാഹനങ്ങളില്‍ വെള്ളമെത്തിച്ചാണ് പഞ്ചായത്ത് വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു ജലവിതരണം നടത്തുന്നത്. ജലവിതരണത്തിന് ആവശ്യമായ ഫണ്ടില്ലാത്തതാണ് പഞ്ചായത്തിനെ ഇപ്പോള്‍ പ്രതിസന്ധിയിലാഴ്ത്തുന്നത്. പഞ്ചായത്തിലെ 40 ശതമാനത്തോളം വരുന്ന കുഴല്‍ക്കിണറുകളിലെ ജലവിതാനം താഴ്ന്നതാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി അനുഭവപ്പെടുന്ന രൂക്ഷമായ ശുദ്ധജല ക്ഷാമത്തിനു കാരണം. പുറത്തുനിന്നു പൈപ്പ് മാര്‍ഗം വെള്ളമെത്തിക്കാനുള്ള സംവിധാനമില്ലാത്തതാണ് പഞ്ചായത്തിനെ പ്രതിസന്ധിയിലാഴ്ത്തുന്നത്. കിണറുകളും കുളങ്ങളും വറ്റിവരണ്ടു. പഞ്ചായത്തിലെ പതിനേഴു വാര്‍ഡുകളിലും ഒരുപോലെയാണ് ജലക്ഷാമം. പഞ്ചായത്തിലെ കിണറുകളും കുളങ്ങളും ജലസമൃദ്ധമാക്കുന്നതിനായി കിണര്‍ റീചാര്‍ജിങ് സംവിധാനം ഈ വര്‍ഷം മുതല്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത് ശ്രമം നടത്തിവരുകയാണ്. കരുണാപുരം പഞ്ചായത്തില്‍ കടുത്ത വരള്‍ച്ച ബാധിച്ചതോടെ ജനങ്ങള്‍ കൃഷി ഉപേക്ഷിച്ചു തുടങ്ങി. പ്രദേശത്ത് ഏലം, കാപ്പി, കുരുമുളക് കര്‍ഷകരാണ് ഏറെയുള്ളത്.
ജലക്ഷാമം രൂക്ഷമായതോടെ കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലെത്തിയത്. പലിശയ്ക്കു പണമെടുത്താണ് പലരും കൃഷി ആരംഭിച്ചത്. വരള്‍ച്ചയില്‍ കൃഷി നശിച്ചതോടെ കര്‍ഷകര്‍ കടക്കെണിയിലുമായി. കൃഷിക്കുപിന്നാലെ ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗമായ കാലിവളര്‍ത്തലും നിലച്ചു. വെള്ളമില്ലാത്തതിനാല്‍ വളര്‍ത്തുമൃഗങ്ങളെ കിട്ടുന്ന വിലയ്ക്കു പലരും വിറ്റുതുടങ്ങി. ചൂടു വര്‍ധിച്ചതോടെ പാലുല്‍പാദനത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്നു ക്ഷീരകര്‍ഷകര്‍ പറയുന്നു. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് ജലക്ഷാമം രൂക്ഷമായ പഞ്ചായത്തില്‍ ജലവിതരണം നടത്തുന്നതിന് അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നു കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ ആവശ്യപ്പെട്ടു. വിഷയത്തില്‍ ജില്ലാ ഭരണകൂടവും അടിയന്തര നടപടി സ്വീകരിക്കണം. അല്ലാത്ത സാഹചര്യത്തില്‍ പഞ്ചായത്ത് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Next Story

RELATED STORIES

Share it