Idukki local

കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ വനിതകളുടെ കൂട്ടായ്മ

രാജാക്കാട്: കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരവുമായി വനിതകള്‍. വാഴത്തോപ്പ് പഞ്ചായത്തില്‍ 14 ആം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളാണ് കിണറുകള്‍ കുഴിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം വാഴത്തോപ്പ് പഞ്ചായത്തില്‍ 14 ആം വാര്‍ഡില്‍ ഈ കൂട്ടായ്മ 6 കിണറുകള്‍ കുഴിച്ചൂ.
ഈ വര്‍ഷവും കിണര്‍ നിര്‍മാണത്തിലാണ് ഇവര്‍ക്ക് താല്‍പ്പര്യം. പെരുങ്കാല ആദിവാസി മേഖലയില്‍ അമ്പഴത്തില്‍ ദാസിന്റെ വീട്ടിലാണ് ഈ വര്‍ഷത്തെ രണ്ടാമത്തെ കിണര്‍ ഇവര്‍ നിര്‍മിച്ചത്. 7 കോല്‍ താഴ്ച്ചയില്‍ കിണര്‍ തീര്‍ന്നതോടെ ജലം ലഭിച്ചൂ. ഇതോടുകൂടി തന്നെ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായതായി മേട്രന്‍ സീനാ മോന്‍സി പറയുന്നു. 15 വനിതകളും മൂന്ന് പുരുഷന്‍മാരും അടങ്ങുന്ന സംഘമാണ് കിണര്‍ നിര്‍മ്മാണത്തില്‍ കഴിവ് തെളിയിച്ചിരിക്കുന്നത്. 7 ദിവസം കൊണ്ട് 9 കോല്‍ താഴ്ച്ചയില്‍ ഇവര്‍ കിണര്‍ പൂര്‍ത്തിയാക്കി. 104 തച്ചാണ് ഇതിന് വേണ്ടിവന്നത്. ഇത്തരത്തില്‍ തൊഴിലുറപ്പ് പദ്ധതി ഗുണകരമാക്കിയാല്‍ ഓരോ പ്രദേശത്തെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമെന്ന സന്ദേശമാണ് ഈ കൂട്ടായ്മ നല്‍കുന്നത്.
Next Story

RELATED STORIES

Share it