palakkad local

കുടിവെള്ളക്ഷാമം പരിഹരിച്ച് പുതുപ്പരിയാരം ഗ്രാമപ്പഞ്ചായത്ത്

പാലക്കാട്: വാര്‍ഡുകള്‍തോറും തോടുകളും കനാലുകളും കിണറുകളും നിര്‍മിച്ച് പുതുപ്പരിയാരം ഗ്രാമപ്പഞ്ചായത്ത് കുടിവെള്ള ക്ഷാമം വിജയകരമായി പരിഹരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്തിലെ 21 വാര്‍ഡുകള്‍ തോറും തോടുകള്‍, കനാലുകള്‍, കുളം നിര്‍മാണം-പുനരുദ്ധാരണം, തരിശുഭൂമി വികസനമുള്‍പ്പെടെയാണ് നടപ്പാക്കി വരുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 168 കുളങ്ങളാണ് പുതിയതായി നിര്‍മിച്ചത്. അഞ്ചു കുളങ്ങള്‍ പുനരുദ്ധാരണം ചെയ്തു. മുട്ടിക്കു—ളങ്ങര കെഎപി പോലിസ് ക്യാംപില്‍ മൂന്ന് കുളങ്ങള്‍ കുഴിച്ചിട്ടുണ്ട്. രണ്ട് കുളങ്ങളില്‍ മല്‍സ്യകൃഷി ചെയ്തു വരികയാണ്. അഞ്ച് കി.മീ. നീളത്തില്‍ കോണ്ടൂര്‍ ട്രഞ്ചുകള്‍ പൂര്‍ത്തിയാക്കി. എഫ്‌സിഐ കോംപൗണ്ടിനുള്ളിലും രണ്ട് കുളങ്ങള്‍ നിര്‍മിച്ചു. 1822 കുടുംബങ്ങളാണ് പദ്ധതിയില്‍ ജോലി ചെയ്യുന്നത്. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളിലും മലമ്പുഴ വെള്ളം എത്തിക്കുന്നതിന് കിഫ്ബിയുമായി ചേര്‍ന്ന് 75 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ഇത് യാഥാര്‍ഥ്യമായാല്‍ മേഖലയിലെ നാലു പഞ്ചായത്തുകള്‍ക്ക് സുലഭമായി കുടിവെള്ളം ലഭ്യമാവും. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളമിഷനില്‍ ഒന്നായ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി.  മൂന്നു ഡോക്ടര്‍മാരും ആവശ്യത്തിന് പാരാമെഡിക്കല്‍ ജീവനക്കാരും ഈ സമയങ്ങളില്‍ സജ്ജമാണ്. പുതിയ ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ക്കായി 20 ലക്ഷം ചെലവഴിച്ചു. രോഗികള്‍ക്കുള്ള കാത്തിരിപ്പുമുറി, പുതിയ പരിശോധനമുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ നവീകരിച്ചു.
ശിശു -സ്ത്രീ സൗഹൃദ ടോയ്—ലറ്റുകള്‍ ഉടനെ നിര്‍മിക്കും സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് പദ്ധതി പ്രകാരം 260 പേര്‍ക്ക് വീട് നല്‍കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. പട്ടികജാതി വിഭാഗക്കാരായ യുവാക്കള്‍ക്ക് ഓട്ടോറിക്ഷ, പ്രൊഫഷനല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്—ടോപ്, വികലാംഗര്‍ക്ക് വീട്, കോളനികളില്‍ കുടിവെള്ള പദ്ധതികകളും വിജയകരമായി നടത്തിവരുന്നു. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി കോളനികളില്‍ കുടിവെള്ള പദ്ധതികള്‍, വീടുകളുടെ പുനരുദ്ധാരണം, വയോജനങ്ങള്‍ക്ക് പോഷകാഹാരം, മെഡിക്കല്‍ കാംപ് വഴി മരുന്നുവിതരണം എന്നിവയും നടപ്പാക്കുന്നു. ഏഴാം വാര്‍ഡില്‍ 20 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന രീതിയില്‍ പകല്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി.
Next Story

RELATED STORIES

Share it