palakkad local

കുടിവെള്ളക്ഷാമം; ജലവിതരണ സമയം വര്‍ധിപ്പിക്കും

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയില്‍ കുടിവെള്ള ക്ഷാമം പരിഹാരിക്കുന്നതിന് ജലവിതരണ സമയം വര്‍ധിപ്പിക്കാന്‍ ധാരണ. കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ ഇന്നലെ ചേര്‍ന്ന  പഞ്ചായത്ത് ഭരണസമിതി-ജല അതോറിറ്റി ഉദ്യോഗസ്ഥതല ചര്‍ച്ചയിലാണ് തീരുമാനം. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തെത്തുടര്‍ന്ന് 17 ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എ കെ ബബിതയുടെ അധ്യക്ഷതയില്‍  യോഗം ചേരുകയായിരുന്നു.
പഞ്ചായത്തിലെ 1, 18 വാര്‍ഡുകളായ സൂര്യപാറ, അത്തിക്കോട് എന്നിവിടങ്ങളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. കുന്നക്കാട്ടു പതിയില്‍ നിന്ന് മൂങ്കില്‍മട കുടിവെള്ള പദ്ധതിയിലെത്തുന്ന വെള്ളം നിലവില്‍ നേരിട്ട് വിതരണം നടത്തുകയാണ് ചെയ്യുന്നത്. ഇതുകാരണം പല ഭാഗങ്ങളിലേക്കും വെള്ളം ആവശ്യത്തിന് എത്താറില്ല. ഇതിന് പരിഹാരമായി 4 മണിക്കൂറോളം കൂടുതല്‍ പമ്പിങ് നടത്തും. ഒപ്പം കൊഴിഞ്ഞാമ്പാറയിലുള്ള ജലസംഭരണിയിലേയ്ക്ക് വെള്ളം നിറച്ചും നേരിട്ടും പമ്പ് ചെയ്യാ ന്‍ ധാരണയായി.
കൊഴിഞ്ഞാമ്പാറയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഷെഡ്യൂള്‍ പ്രകാരമാണ് ജലവിതരണം നടത്തി വന്നിരുന്നത്. കൂടുതല്‍ സമയം പമ്പിങ്ങ് നടത്തുന്നതോടെ അത്തിക്കോട്, സൂര്യ പാറ ഭാഗങ്ങളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവും. സാധാരണ പുലര്‍ച്ചെ രണ്ടു മുതലാണ് പമ്പിങ് ആരംഭിക്കുക. ഇത് ഇനി രാത്രി 11 മണിയ്ക്ക് തന്നെ ആരംഭിക്കും. കുന്നങ്കാട്ടു പതിയില്‍ നിന്ന് 25 വര്‍ഷം മുന്‍പത്തെ ആവശ്യകതക്കനുസരിച്ച് സ്ഥാപിച്ച പൈപ്പ് ലൈനിലൂടെയാണ് ഇപ്പോഴും ജലവിതരണം നടത്തുന്നത്. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതാണ് നിലവിലെ ജല പ്രതിസന്ധിയ്ക്ക് കാരണമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയചന്ദ്രന്‍ പറഞ്ഞു. മൂങ്കില്‍ മടയില്‍ നിന്നും പുതിയ പൈപ്പ് സ്ഥാപിച്ച് ജലവിതരണം നടത്തുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിച്ചു വരികയാണെന്നും ഇത് പൂര്‍ത്തിയാവുന്നതോടെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനാവുമെന്ന് കെ കൃഷ്ണന്‍കുട്ടി എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it