Alappuzha local

കുടിവെള്ളം; ഏകദിന ഉപവാസമിരുന്നു



ചേര്‍ത്തല: ചേര്‍ത്തല താലൂക്കിലെ കുടിവെള്ള ക്ഷാമപരിഹാരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എംപി കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ചേര്‍ത്തലയില്‍ നടന്ന ഏകദിന സത്യഗ്രഹം വയലാര്‍ രവി എംപി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ശുദ്ധജലം എത്തിക്കുന്നതിന് പരാചയപ്പെട്ട സര്‍ക്കാര്‍ നാടിന് ശാപമാണെന്നും ചേര്‍ത്തല താലൂക്കിലെ കുടിവെള്ളത്തിനായി അവസാനം വരെ പോരാടുമെന്നും വയലാര്‍ പറഞ്ഞു. 2003ല്‍ എ കെ ആന്റണി തുടങ്ങി വച്ച ജപ്പാന്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെയുള്ള കുടിവെള്ള പദ്ധതി 2012ല്‍ ആദ്യഘട്ടം കമ്മീഷന്‍ ചെയ്തു. ചേര്‍ത്തല താലൂക്കിലെ 18 ഗ്രാമപ്പഞ്ചായത്തുകള്‍കൂടി ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങി വച്ച അനുബന്ധ പദ്ധതിക്ക് 60 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ച് യുഡിഎഫിന്റെ ഭരണകാലത്ത് 80ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയാക്കിയതാണ്. ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പും ജലവിഭവ വകുപ്പും തമ്മിലുള്ള ശീതസമരം മൂലം ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഏകദിന സത്യഗ്രഹം നടത്തിയത്. സമരത്തിന്റെ സമാപനം കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ്   എം ലിജു അധ്യക്ഷത വഹിച്ചു. കെപിസിസി ഭാരവാഹികളായ  സി ആര്‍ ജയപ്രകാശ്, ജോണ്‍സണ്‍ എബ്രഹാം, ബി ബാബുപ്രസാദ്, ഷാനിമോള്‍ ഉസ്മാന്‍, കെ പി ശ്രീകുമാര്‍, എം കെ അബ്ദുള്‍ ഗഫൂര്‍ ഹാജി, സി കെ ഷാജിമോഹന്‍, ബി ബൈജു, പി നാരായണന്‍ കുട്ടി, എസ് ശരത്, കെ എന്‍ സെയ്ത് മുഹമ്മദ്, ടി സുബ്രഹ്മണ്യദാസ്,  സി വി തോമസ്, കെ ആര്‍ രാജേന്ദ്രപ്രസാദ്, സി ഡി ശങ്കര്‍, ടി എച്ച് സലാം, നവപുരം ശ്രീകുമാര്‍, ജോണി തച്ചാറ, ദിലീപ് കണ്ണാടന്‍, എം ആര്‍ രവി പ്രസംഗിച്ചു. ചേര്‍ത്തല മുട്ടം പള്ളിവികാരി ഫാ. പോള്‍. വി മാടന്‍, ചേര്‍ത്തല സെന്‍ട്രല്‍ ജുമാമസ്ജിദ് ചീഫ് ഇമാം ത്വാഹ മദനി, എസ്എന്‍ഡിപി നേതാവ് കെ പി നടരാജന്‍,  കൃപാസനം ഡയറക്ടര്‍ ഫാ. ജോസഫ് വലിയവീട്ടില്‍, പൂച്ചാക്കല്‍ ഷാഹുല്‍ ഹമീദ് സമരപന്തലില്‍ വന്ന് അഭിവാദ്യം നേര്‍ന്നു. രാവിലെ ഒമ്പതിന് ആരംഭിച്ച സത്യഗ്രഹ സമരത്തിന് നൂറുകണക്കിന് തീരദേശവാസികളും ജനപ്രതിനിധികളും നേതാക്കളും പങ്കെടുത്തു.
Next Story

RELATED STORIES

Share it