kannur local

കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ കടുത്ത ആശങ്കയില്‍

കാട്ടാമ്പള്ളി: 45 മീറ്റര്‍ ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന ഉറച്ച തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകവെ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ കടുത്ത ആശങ്കയില്‍. മതിയ നഷ്ടപരിഹാരം ഉറപ്പാക്കാതെ തങ്ങള്‍ എവിടെ പോവുമെന്നാണ് ഇവരുടെ ചോദ്യം. എന്നാല്‍, എതിര്‍പ്പുകള്‍ അവഗണിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം.
2011 മുതല്‍ ബൈപാസിനായി കോട്ടക്കുന്ന് പ്രദേശത്ത് മാത്രം മൂന്ന് സര്‍വേകള്‍ നടത്തി. 2014 മുതല്‍ 2017 വരെ മൂന്ന് വര്‍ഷമായി നിലനിന്നിരുന്ന കോട്ടക്കുന്നിലെ അലൈന്‍മെന്റ് രണ്ടുതവണ ത്രി എ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുകയും ഒടുവി ല്‍ കല്ലുകള്‍ പാകുകയും ചെയ്തു. ഏറ്റവും ഒടുവിലായി 2017 നവംബര്‍ 22ന് നിലവിലുള്ള അലൈന്‍മെന്റ് മാറ്റി പുതിയ ത്രി എ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. കീച്ചേരി മുതല്‍ കോട്ടക്കുന്ന് വരെ അലൈന്‍മെന്റ് മാറ്റിയതിന് കാരണം തിരക്കിയപ്പോള്‍ വിഐപികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെയുള്ള അലൈ ന്‍മെന്റ് മാറ്റാനാവശ്യപ്പെട്ടിരുന്നു എന്നാണ് എന്‍എച്ച് അധികൃതരുടെ മറുപടി.
അതേസമയം, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍വേ നടപടികള്‍ അന്തിമഘട്ടത്തിലാണ്. മൂന്നു മാസത്തിനകം സര്‍വേ പൂര്‍ത്തിയാവുമെന്നാണ് സൂചന. ദേശീയപാത വികസന പദ്ധതിയിലൂടെ നാലുവരി പാതയായി എന്‍എച്ച് 17, 47 എന്നിവ വികസിപ്പിക്കാനാണു പദ്ധതി. സര്‍വേ പൂര്‍ത്തിയായ പ്രദേശങ്ങളില്‍ ത്രി ഡി വിജ്ഞാപനം ഇറക്കിയ പ്രദേശങ്ങളുടെ മഹസര്‍ തയാറാക്കുന്ന നടപടി പുരോഗതിയിലാണ്.
സ്വകാര്യവ്യക്തികളുടെ കൈവശമുള്ള 120ഓളം ഹെക്റ്റര്‍ ഭൂമിയിലാണ് മഹസര്‍ തയ്യാറാക്കുന്നത്. ഇതുകൂടാതെ ജില്ലയില്‍ ഏറ്റെടുക്കേണ്ട 148 ഹെക്റ്റര്‍ ഭൂമിക്ക് ത്രി എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടിയും പൂര്‍ത്തിയായി. സ്ഥലമേറ്റെടുപ്പിന് എത്ര തുക വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടില്ല.  ഭൂമിയും കിടപ്പാടവും വിട്ടുനല്‍കുന്നവര്‍ക്ക് 1956ലെ ദേശീയപാത നിയമപ്രകാരം പൊന്നുംവിലയേ നല്‍കൂ എന്നായിരുന്നു നേരത്തെ ദേശീയപാത അതോറിറ്റി അറിയിച്ചത്. 45 മീറ്ററില്‍ താഴെ വീതിയില്‍ പാത വികസിപ്പിക്കാന്‍ കൂടുതല്‍ സാമ്പത്തികസഹായം അനുവദിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
നഗരപരിധികളില്‍ 1:4 എന്ന തോതിലും ഗ്രാമീണ മേഖലകളില്‍ 1:2 എന്ന തോതിലും വിപണി വിലയേക്കാള്‍ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കാനാണ് ധാരണ. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരത്തുക ലഭ്യമാക്കാന്‍ പാക്കേജ് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it