World

കുടിയേറ്റക്കാര്‍ക്കെതിരായ നടപടി; ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി രാജിവച്ചു

ലണ്ടന്‍: കാരിബിയന്‍ കുടിയേറ്റത്തിനെതിരെ അന്യായമായ നടപടി സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡ് രാജിവച്ചു. 1950-60 കാലഘട്ടത്തില്‍ കാരിബിയയില്‍ നിന്നു യുകെയില്‍ എത്തിച്ചേര്‍ന്ന വിന്‍ഡ്‌റഷ് എന്നറിയപ്പെടുന്ന കാരിബിയന്‍ അഭയാര്‍ഥി കുടുംബങ്ങളെ ബ്രിട്ടനില്‍ നിന്നു പുറത്താക്കാനുള്ള നീക്കങ്ങള്‍ റഡിന്റെ അറിവോടെയാണെന്നു കഴിഞ്ഞ ദിവസം ഗാര്‍ഡിയന്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തിരുന്നു. ഇത് റഡിന് വന്‍ തിരിച്ചടിയായതിനെ തുടര്‍ന്നാണ് രാജി.
രാജി സ്വീകരിച്ചതായി പ്രധാനമന്ത്രി തെരേസ മേയുടെ ഓഫിസ് അറിയിച്ചു. പാക് വംശജനായ സാദിജ് ജാവീദിനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ തെരേസ മേയ്  മന്ത്രി സഭയില്‍ നിന്നു രാജിവയ്ക്കുന്ന നാലാമത്തെയാളാണ് റഡ്.
കാരിബിയയില്‍ നിന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ബ്രിട്ടന്റെ ക്ഷണപ്രകാരം  എത്തിച്ചേര്‍ന്നവര്‍ക്ക് ചികില്‍സ, പാര്‍പ്പിടം എന്നിവ നിഷേധിച്ചതായും രാജ്യത്ത് താമസിക്കുന്നതിനുള്ള അവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ നാടുകടത്തുമെന്നു ഭീഷണിപ്പെടുത്തിയതായും റിപോര്‍ട്ടുണ്ടായിരുന്നു. സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ ഇത് കടുത്ത വിമര്‍ശനമുയര്‍ത്തി.
തുടര്‍ന്ന്, വിഷയത്തില്‍ ആഭ്യന്തരവകുപ്പ്  പാര്‍ലമെന്ററി കമ്മിറ്റി കഴിഞ്ഞയാഴ്ച റഡിനെ ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ചു തനിക്ക് അറിയില്ലെന്നായിരുന്നു അവരുടെ മറുപടി. ഇതിനിടെയാണ് ഗാര്‍ഡിയന്‍ ദിനപത്രം വാര്‍ത്ത പുറത്തുവിട്ടത്്. റഡിന്റെ കുടിയേറ്റ നയത്തിനെതിരേ പാര്‍ലമെന്റിലെ 200ലേറെ അംഗങ്ങള്‍ ഒപ്പുവച്ച കത്ത് പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.
1960കളില്‍ പാകിസ്താനില്‍ നിന്നു ബ്രിട്ടനിലേക്ക് കുടിയേറിയ ബസ് ഡ്രൈവറുടെ മകനാണ് സാദിജ് ജാവീദ്. ജാവീദിന്റെ നിയമനത്തിന് രാജ്ഞി അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫിസ്  അറിയിച്ചു. ബ്രിട്ടനിലെ കാബിനറ്റില്‍ ഉന്നത പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യന്‍ വംശജനാണ് ജാവീദ്. അഭയാര്‍ഥി  വിരുദ്ധ നീക്കത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ നിന്നു മുഖം രക്ഷിക്കാനാണ് ജാവീദിന്റെ നിയമനമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it