കുടക് വെടിവയ്പ് മരണം; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സാദിഖ് ഉളിയില്‍

മടിക്കേരി: കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു സുല്‍ത്താന്‍ ജന്മദിനാചരണത്തിനെതിരേ സംഘപരിവാരം കുടകില്‍ ആഹ്വാനം ചെയ്ത ബന്ദില്‍ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
മടിക്കേരി ബേച്ചൂരു സ്വദേശി സൂദന ഭീഷ്മ (36), മറഗോഡു സ്വദേശി പനത്തല കാവേരപ്പ എന്ന കവന്‍ (31), മടിക്കേരിയിലെ പി ആര്‍ രമേശ് നായിക് (45), എന്നിവരെയാണ് കുടക് ജില്ലാ പോലിസ് സൂപ്രണ്ട് വാത്തിക കത്യാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
സിദ്ധാപുരം ഗൂഢുഗദ്ദയിലെ അബ്ദുന്നാസിര്‍-ഉമ്മുകുല്‍സു ദമ്പതികളുടെ മകന്‍ ഷാഹുല്‍ ഹമീദ് (22) കൊല്ലപ്പെട്ട കേസിലാണു നടപടി. ഇക്കഴിഞ്ഞ നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം. ടിപ്പു ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് വാഹനത്തില്‍ തിരിച്ചുവരവേ ചെട്ടള്ളി അമ്പ്യാലയില്‍ വച്ചാണ് ഷാഹുല്‍ ഹമീദിനു വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മൈസൂരു അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരണപ്പെടുകയായിരുന്നു. ബന്ദിനിടെ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ വിഎച്ച്പി ജില്ലാ സെക്രട്ടറി ദേവപാണ്ഡ കുട്ടപ്പ (50) ഓടയില്‍ വീണുമരിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഷാഹുല്‍ ഹമീദിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. മടിക്കേരി കാവേരി കലാക്ഷേത്ര പരിസരത്തുവച്ചാണ് രമേശ് നായികിനെ പിടികൂടിയത്. ചോദ്യംചെയ്യലി ല്‍ മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് കട്ടക്കേരിയില്‍വച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചെട്ടള്ളി അമ്പ്യാലയിലെ കുടക് വിദ്യാലയത്തില്‍നിന്ന് പോയിന്റ് 22 റൈഫിളില്‍ നിന്നാണ് വെടിയുതിര്‍ത്തത്. പ്രതികളുമായി പോലിസ് ഇവിടെ തെളിവെടുപ്പ് നടത്തി. ഭീഷ്മയും കവനും മൊബൈല്‍ ഷോപ്പ് ഉടമകളാണ്. സംഭവദിവസം ഇരുവരും രമേശ് നായികിനൊപ്പം കാറില്‍ കുടക് വിദ്യാലയം കാംപസിലെത്തി, ടിപ്പു ജന്മദിനാഘോഷത്തി ല്‍ പങ്കെടുത്ത് വാഹനങ്ങളില്‍ തിരിച്ചുവരുന്നവരെ നിരീക്ഷിച്ചു. തുടര്‍ന്നാണ് ഇവരിലൊരാ ള്‍ വെടിയുതിര്‍ത്തത്. ബംഗളൂരുവിലെ ഓട്ടോമൊബൈല്‍ കമ്പനിയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഷാഹുല്‍ ഹമീദ്.
Next Story

RELATED STORIES

Share it