Articles

കുഞ്ഞു മാണിയുടെ മൂന്നു തോണികള്‍

മധ്യമാര്‍ഗം - പരമു
''ഓന്‍ ചതിയനാടോ, വിശ്വസിക്കാന്‍ കൊള്ളാത്തവന്‍''- ഇ കെ നായനാര്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായമാണിത്. നേതാക്കള്‍ക്കെല്ലാം മാണിയെപ്പറ്റി ഇത്തരത്തിലുള്ള പല അഭിപ്രായങ്ങളും ഉണ്ടാവും. പക്ഷേ, നായനാരെപ്പോലെ ആരും തുറന്നുപറഞ്ഞിട്ടില്ല. സ്വന്തമായി വോട്ടിന്റെ ബാങ്ക് ഉണ്ടെന്ന ധാരണയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാണിസാറിനെ പിണക്കാറില്ല. സാര്‍ അവരോട് പിണങ്ങിയിട്ടേയുള്ളൂ. അരനൂറ്റാണ്ടിലധികമായി ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റി രാഷ്ട്രീയരംഗത്തു നിറഞ്ഞുനില്‍ക്കുന്ന നേതാവാണു മാണി. സ്വന്തം മകന്‍ യുവനേതാവും എംപിയുമായ ശേഷമാണ് അല്‍പമെങ്കിലും വിശ്രമിക്കാന്‍ അവസരമുണ്ടായത്. സഹിക്കുന്ന ത്യാഗങ്ങളൊക്കെ അധ്വാനവര്‍ഗത്തിനു വേണ്ടിയാണ്. സാറ് വളരെ കഷ്ടപ്പെട്ട് കണ്ടുപിടിച്ച അധ്വാനവര്‍ഗസിദ്ധാന്തം ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയതാണല്ലോ. പിളരുംതോറും വളരുകയും വളരുംതോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടി ഭരണത്തിലും പ്രതിപക്ഷത്തും ചെയ്ത സേവനങ്ങള്‍ വാക്കുകള്‍കൊണ്ട് വിവരിക്കപ്പെടാവുന്നതല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചെറിയൊരു അഴിമതിക്കറ ദേഹത്ത് പറ്റിപ്പിടിച്ചിരുന്നു. ഈ സര്‍ക്കാര്‍ ആ കറ നന്നായി തുടച്ചുനീക്കുകയും ചെയ്തു.
മാണിസാര്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. പാര്‍ട്ടിയും എംഎല്‍എമാരും വേറിട്ട കാഴ്ചകളായി നിന്നാല്‍ കുറച്ച് വോട്ട് സംഘടിപ്പിക്കാമെന്നല്ലാതെ സീറ്റ് തരപ്പെടുത്താന്‍ വിഷമമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മകനെ ഇനിയും പാര്‍ലമെന്റിലേക്കു പറഞ്ഞയക്കണം. 10 വര്‍ഷത്തെ ലോക്‌സഭാ സേവനംകൊണ്ട് മകന്‍ കാര്യങ്ങളൊക്കെ പഠിച്ചുവന്നതേയുള്ളൂ. അടുത്ത ടേമിലാണ് കത്തിക്കേണ്ടത്. അപ്പോള്‍ സീറ്റ് കരസ്ഥമാക്കല്‍ പ്രധാനമാണ്. ഒറ്റയ്ക്കുനിന്നു പരീക്ഷണം നടത്താന്‍ മാണിസാര്‍ സന്നദ്ധനല്ല. അതുകൊണ്ട് മുന്നണി അനിവാര്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് അതു മതിയെന്നാണു വിചാരിച്ചിരുന്നത്. ഓര്‍ക്കാപ്പുറത്ത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വന്നുവീണതുകൊണ്ട് നിലപാട് വ്യക്തമാക്കാതെ നിവൃത്തിയില്ലാതായി. മൂന്നു തോണികളാണു മുന്നില്‍ കിടക്കുന്നത്. അതില്‍ ഏതു തോണിയില്‍ കയറിയാലും ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന സൂചന കിട്ടിത്തുടങ്ങിയിട്ടുണ്ട്. മാണിസാറിന് കയറാന്‍ ഇഷ്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണിത്തോണിയാണ്. അഴിമതിക്കാരാ എന്ന് മുഖത്തു നോക്കി വിളിച്ച മുന്നണിയായതുകൊണ്ട് അടുപ്പത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. സിപിഎം മാണിസാറിനോട് ചെയ്തുപോയ പാപങ്ങള്‍ക്കെല്ലാം കുമ്പസരിച്ചിട്ടുണ്ട്. ജനാധിപത്യ കക്ഷിയായ മാണിയുടെ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇക്കാര്യത്തിനു ദേശീയനേതൃത്വം പച്ചക്കൊടി വീശിയിട്ടുമുണ്ട്.
മുന്നണിയിലേക്കു മാണിസാര്‍ വരാനും മുന്നണിയിലേക്ക് അവരെ സ്വീകരിക്കാനും സിപിഎം തയ്യാറാണ്. പക്ഷേ, ഘടകകക്ഷിയായ സിപിഐ സമ്മതിക്കുന്നില്ല. രണ്ടാമത്തെ തോണി യുഡിഎഫിന്റേതാണ്. അതില്‍ നിന്നാണ് മാണിസാര്‍ സ്വതന്ത്രനായത്. തിരിച്ച് അങ്ങോട്ടു പോവുന്നത് കുറച്ചിലാണ്. യുഡിഎഫിലെ ചില നേതാക്കള്‍ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ മാറ്റിയാല്‍ മടങ്ങിവരാമെന്ന് മാണിസാര്‍ പലരോടും പറഞ്ഞുവത്രേ! പക്ഷേ, അത് ആരും അത്ര കാര്യമാക്കിയെടുത്തില്ല. മൂന്നാമത്തെ തോണി ബിജെപിയുടേതാണ്. രാഷ്ട്രീയത്തില്‍ സ്ഥിരം മിത്രങ്ങളും ശത്രുക്കളും ഇല്ലെന്ന് മാണിസാര്‍ പറയുന്നത് ബിജെപി തോണിയെ ഉദ്ദേശിച്ചാണ്. മാണിസാര്‍ അങ്ങോട്ടു പോവാന്‍ ആലോചിക്കുന്നത് പലതും സ്വപ്‌നം കണ്ടാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് വീതംവയ്ക്കാന്‍ ഒരുപാട് ഉണ്ടാവുമല്ലോ.
മാണിസാറിന്റെ പ്രവേശനം സംബന്ധിച്ച് ബിജെപിക്കകത്ത് പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. വി മുരളീധരന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് മാണിയെ എടുക്കുന്നതിനെ എതിര്‍ക്കുന്നു. ഏതു മുന്നണിയിലേക്കു മാണി പോയാലും കുറേക്കാലം അവിടെ പ്രതിസന്ധി നിലനില്‍ക്കും. അതു മുന്നണികളുടെ തലവേദന.
അതിനേക്കാള്‍ വലിയ തലവേദനയാണ് മാണിസാറിന് ഉണ്ടാവാന്‍ പോവുന്നത്. ഇടതുമുന്നണിയിലും ബിജെപിയിലും പോയാല്‍ പാര്‍ട്ടി പിളരും. യുഡിഎഫിലേക്ക് പോയാല്‍ പിളരാതെ കഴിച്ചുകൂട്ടാം. ഇടതു മുന്നണി പ്രവേശനത്തിലൂടെ മാണി സത്യസന്ധനായി മാറും. അഴിമതിക്കാരന്‍ എന്നു വിളിച്ചവര്‍ അഴിമതിവിരുദ്ധ പോരാളി എന്നു മാറ്റിവിളിക്കുന്നത് നമുക്കു കേള്‍ക്കാം.
മാണിസാര്‍ മുന്നണിയില്‍ പ്രവേശിച്ചുകഴിയുമ്പോള്‍ നോട്ടെണ്ണുന്ന യന്ത്രങ്ങള്‍ മുന്നണിയെ നയിക്കുന്ന പാര്‍ട്ടികള്‍ക്കു നല്‍കുമത്രേ. സിപിഎമ്മിന്റെ ഒറ്റ ഓഫിസിലും നോെട്ടണ്ണുന്ന യന്ത്രങ്ങള്‍ വച്ചിട്ടില്ല. പാര്‍ട്ടിപ്രവര്‍ത്തകര്‍ നോട്ട് എണ്ണിയെണ്ണി വല്ലാതെ ബുദ്ധിമുട്ടുകയാണ്. ബക്കറ്റ് പിരിവിലൂടെയൊക്കെ ലഭിക്കുന്ന നോട്ടുകള്‍ നേരെ യന്ത്രത്തില്‍ ഇട്ടുകൊടുത്താല്‍ പണി കഴിഞ്ഞു. അപ്പോള്‍ നോട്ടെണ്ണും യന്ത്രം കിട്ടുന്നത് സിപിഎമ്മിന് വലിയ ഉപകാരമാണ്.                                  ി
Next Story

RELATED STORIES

Share it