ernakulam local

കുഞ്ഞനുജത്തിയോട് കൂട്ടുകൂടാന്‍ കാത്ത് നില്‍ക്കാതെ

കരോളിന്‍ യാത്രയായി കൊച്ചി: നാല് മാസം പ്രായമായ കുഞ്ഞനുജത്തിയുടെ കളിച്ചിരികള്‍ കാണുവാനോ അവളോട് കൂട്ടുകൂടുവാനോ കാത്ത് നില്‍ക്കാതെ പ്രാര്‍ഥനകള്‍ വിഫലമവാക്കി കരോളിന്‍ മറ്റോരു ലോകത്തേക്ക് യാത്രയായി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ കാണാന്‍ അച്ചനും അമ്മയുമെത്തിയപ്പോള്‍, കുഞ്ഞനുജത്തി കൈയ്യെത്തും ദൂരത്തു നിന്നിട്ടും അവള്‍ അറിഞ്ഞില്ല. ജീവിതത്തിനും മരണത്തിനുമിടയില്‍ ആറു ദിവസം എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ വെന്റിലേറ്ററില്‍ കഴിഞ്ഞ കരോളിന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി.  മരടില്‍ പ്ലേ സ്‌കൂള്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ശ്വാസകോശത്തില്‍ ചെളിയും വെള്ളവും അടിഞ്ഞുകൂടി അതീവ ഗുരുതരാവസ്ഥയിലാണ് കരോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ നിന്ന് ഒന്ന് അനക്കുവാന്‍ പോലും ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ ആന്തരിക അവയവങ്ങള്‍ക്ക് എത്രമാത്രം ക്ഷതമേറ്റുവെന്ന് സ്‌കാനിങ്ങിലൂടെ മനസ്സിലാക്കുവാനും സാധിച്ചില്ല. ന്യൂസിലാന്റ് പൗരത്വമുള്ള കരോളിന്‍ ഒന്നര വയസ്സിലാണ് കൊച്ചിയിലേക്ക് എത്തുന്നത്. പൊതുവെ സംസാരിക്കാന്‍ മടി കാണിച്ച മകളെ മാതൃഭാക്ഷ പഠിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് മാതാപിതാക്കള്‍ കൊച്ചിയിലെ കുടുംബവീട്ടിലെത്തിച്ചത്. അച്ഛന്‍ ജോബിയുടെ സഹോദരി ആനിയുടെയും കുടുംബത്തിനുമൊപ്പമായിരുന്നു അവള്‍. മാറ്റത്തിനോട് വളരെ വേഗം പ്രതികരിച്ച കരോളിന്‍ വീട്ടുകാരുടെ മാത്രമല്ല, നാട്ടുകാരുടെയും പ്രിയ കൂട്ടുകാരിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അടുത്ത വര്‍ഷം കരോളിനെ ന്യൂസിലാന്റിലേക്ക് തിരിച്ചുകൊണ്ടുപോവാന്‍ അവിടെ നഴ്‌സായിരുന്ന മാതാപിതാക്കള്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. അപകടം നടക്കുന്നതിന് ഒരു ദിവസം മുമ്പെ അമ്മ ജോമ നാലുമാസം പ്രായമായ ഇളയമകള്‍ക്കൊപ്പം നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11ന് നെടുമ്പാശ്ശേരിയിലെത്തിയ ജോമ സ്വന്തം വീടായ കോട്ടയത്തേക്കാണ് പോയത്. പിറ്റേന്ന് കരോളിനെ കാണാന്‍ കൊച്ചിയിലെ വീട്ടിലേക്കെത്താമെന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാല്‍ മകളെ പിന്നീട് കാണുന്നത് ശീതികരിച്ച റൂമിലെ വെന്റിലേറ്ററിലായിരുന്നു. ഒക്ടോബറില്‍ നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ജോബിയും അപകട വിവരമറിഞ്ഞ് നാട്ടിലെത്തി. കാണാന്‍ ഏറെ കാത്തിരുന്നവര്‍ തൊട്ടടുത്ത് എത്തിയിട്ടും കുഞ്ഞു കരോളിന്‍ അറിഞ്ഞതേയില്ല. കുഞ്ഞനുജത്തിയെ കാണാന്‍ മനസ് വെമ്പി നിന്നതിനാല്‍ സ്‌കൂളിലേക്ക് പോവുന്നില്ലെന്ന കരോളിന്റെ വാശി വിജയിച്ചിരുന്നുവെങ്കില്‍....ബന്ധുക്കളുടെ നെടുവീര്‍പ്പുകള്‍ ആശുപത്രി വരാന്തകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. മെഡിക്കല്‍ ട്രസ്റ്റില്‍ നിന്ന് നേരിട്ട് തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയിലേക്ക് കൊണ്ടുപോവുന്ന ആ കുഞ്ഞ് ശരീരം രാവിലെ പത്തിന് സംസ്‌കരിക്കും.
Next Story

RELATED STORIES

Share it