kannur local

കീഴാറ്റൂര്‍ സമരത്തിനു പിന്നില്‍ മാവോവാദികളെന്ന്

തളിപ്പറമ്പ്: വയല്‍നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ സമരം ചെയ്യുന്ന വയല്‍ക്കിളികളെ കണക്കറ്റ് വിമര്‍ശിച്ച് കീഴാറ്റൂരില്‍ സിപിഎം വിശദീകരണയോഗം. സമരം നടക്കുന്ന പ്രദേശങ്ങളിലുള്ളവരല്ല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും മാവോവാദികളാണ് ഇതിനു പിന്നിലെന്നും യോഗം ഉദ്ഘാടനം ചെയ്ത കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ആരോപിച്ചു. ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും ബിജെപിയും ഇവര്‍ക്കൊപ്പമുണ്ട്. രാജ്യത്തിന്റെ പുരോഗതി തകര്‍ക്കാന്‍ ലക്ഷ്യമിടുന്നവരാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്നത്.  ജനതാല്‍പര്യത്തിനു വേണ്ടിയല്ല ഇവരുടെ സമരം. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ഇത്തരം ഭീകരവാദികള്‍ സമരങ്ങളെ ഉപയോഗപ്പെടുത്തുന്നത് തിരിച്ചറിയണം. ഭൂമിയോട് വൈകാരികബന്ധം പുലര്‍ത്തുന്നവരാണ് കൃഷിക്കാര്‍. അത്തരത്തില്‍ അവരുടെ വികാരം പ്രകടിപ്പിച്ചതില്‍ തെറ്റില്ല. നഷ്ടം ലഘൂകരിച്ചു കൊണ്ടുള്ളതും ശാസ്ത്രീയവുമായ അലൈന്‍മെന്റാണ് കീഴാറ്റൂര്‍ വഴി ഉള്ളത.് അത് നടപ്പാക്കി നാടിന്റെ പൊതു ആവശ്യത്തില്‍ പങ്കാളികളാവാന്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമജരം ചെയ്യുന്ന വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്‍കിയതിന് 11 പാര്‍ട്ടിയംഗങ്ങളെ പുറത്താക്കിയതിനു പിന്നാലെയാണ് സിപിഎം വിശദീകരണയോഗം വിളിച്ചുചേര്‍ത്തത്. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. കെ സന്തോഷ്, കെ മുരളീധരന്‍, ഒ സുഭാഗ്യം, ടി ബാലകൃഷ്ണന്‍, പി വാസുദേവന്‍ പുല്ലായ്‌ക്കൊടി ചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it