kannur local

കീഴാറ്റൂര്‍ സമരക്കാര്‍ക്ക് സ്‌പോട്‌സ് കൗണ്‍സില്‍ ഹാള്‍ നിഷേധിച്ചു

കണ്ണൂര്‍: ലോങ് മാര്‍ച്ച് ഉള്‍പ്പെടെ സുപ്രധാന കാര്യങ്ങള്‍ തീരുമാനിക്കാന്‍ കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതി ഇന്ന് കണ്ണൂര്‍ സ്‌പോട്‌സ് കൗണ്‍സില്‍ ഹാളില്‍ നടത്താനിരുന്ന സംസ്ഥാനതല യോഗത്തിന് അവസാന നിമിഷം അധികൃതര്‍ വേദി നിഷേധിച്ചത് വിവാദത്തില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു ഹാള്‍ ബുക്ക് ചെയ്തിരുന്നത്. സമിതി പ്രതിനിധി സി ശശിയുടെ പേരും ഫോണ്‍ നമ്പറും ബുക്കിങ് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു.
വാടക മുന്‍കൂറായി നല്‍കേണ്ടതില്ലെന്നും യോഗദിവസം അടച്ചാല്‍ മതിയെന്നുമായിരുന്നു സ്‌പോട്‌സ് കൗണ്‍സില്‍ ജീവനക്കാരന്‍ അന്നു പറഞ്ഞത്. തുടര്‍ന്ന് യോഗത്തിന്റെ തയ്യാറെടുപ്പുകള്‍ നടത്തിവരിയായിരുന്നു സംഘാടകര്‍. ദേശീയപാത ഉള്‍പ്പെടെ വികസന പദ്ധതികള്‍ക്കായി സംസ്ഥാനത്തുടനീളം കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമരസംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ രാവിലെ സ്‌പോട്‌സ് കൗണ്‍സില്‍ ഓഫിസില്‍ നിന്ന് ഫോണില്‍ ശശിയെ വിളിച്ച്, കൗണ്‍സിലിന്റെ അടിയന്തര യോഗമുള്ളതിനാല്‍ ഹാള്‍ വിട്ടുതരാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ അവസാന നിമിഷം ഹാള്‍ നിഷേധിച്ചതിലെ ബുദ്ധിമുട്ടുകള്‍ സംഘാടകര്‍ ധരിപ്പിച്ചെങ്കിലും അതൊന്നും തങ്ങള്‍ക്കറിയേണ്ട എന്നായിരുന്നു മറുപടി. ഒടുവില്‍, ബുക്കിങിനായി അപേക്ഷാഫോറം പൂരിപ്പിച്ചുനല്‍കിയില്ലെന്ന കാരണം പറഞ്ഞ് ജീവനക്കാരന്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് യോഗം കണ്ണൂര്‍ റെയിന്‍ബോ ടൂറിസ്റ്റ് ഹോമിലേക്ക് മാറ്റി. ഇന്നു രാവിലെ 10.30ന് ചേരുന്ന യോഗത്തില്‍ ലോങ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യും.
സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദമാണ് സ്‌പോട്‌സ് കൗണ്‍സില്‍ ഹാള്‍ നിഷേധിക്കാന്‍ കാരണമെന്ന് ഐക്യദാര്‍ഢ്യ സമിതി ആരോപിച്ചു. കീഴാറ്റൂര്‍ സമരത്തോട് സിപിഎം തുടരുന്ന അസഹിഷ്ണുതയ്ക്ക് പുതിയ തെളിവാണിത്. ഇതുകൊണ്ടൊന്നും സമരവീര്യത്തെ തളര്‍ത്താനാവില്ലെന്നും അവര്‍ വ്യക്തമാക്കി.
കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മിക്കുന്നതിനെതിരേ സമരത്തിലുള്ള വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയെ സഹായിക്കാനാണ് വിവിധ പരിസ്ഥിതി-പൗരാവകാശ സംഘടനകള്‍ ചേര്‍ന്ന് ഡോ. ഡി സുരേന്ദ്രനാഥ് ചെയര്‍മാനായി ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചത്. ഇവര്‍ മാര്‍ച്ച് 25ന് കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ സംഘടിപ്പിച്ച ബഹുജന മാര്‍ച്ച് ശ്രദ്ധേയമായിരുന്നു. വിവിധ ജില്ലകളില്‍ നിന്നെത്തിയ പരിസ്ഥിതി-പൗരാവകാശ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരങ്ങളാണു അണിനിരന്നത്
Next Story

RELATED STORIES

Share it