കീഴാറ്റൂര്‍ വിശദീകരിക്കാന്‍ കത്തെഴുത്തും ജാഥയുമായി സിപിഎം

ബഷീര്‍   പാമ്പുരുത്തി

കണ്ണൂര്‍: വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ പാര്‍ട്ടി ഗ്രാമമായ തളിപ്പറമ്പ് കീഴാറ്റൂരില്‍ നിന്നുയര്‍ന്ന പ്രതിഷേധം സംസ്ഥാന-ദേശീയ തലത്തില്‍ ചര്‍ച്ചയായതോടെ വിശദീകരണവുമായി സിപിഎം രംഗത്ത്. കണ്ണൂര്‍ ജില്ലയില്‍ രണ്ടു മേഖലാ ജാഥകള്‍ക്കു പുറമെ കത്തെഴുത്തിലൂടെയാവും പാര്‍ട്ടിയുടെ നയം വിശദീകരിക്കുക.
എല്ലാവിഭാഗം ജനങ്ങള്‍ക്കും തുറന്ന കത്ത് പ്രസിദ്ധീകരിച്ച് ഇത് എല്ലാ വീടുകളിലും എത്തിക്കാനാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ബൈപാസ് വിഷയം സിപിഐക്കു പുറമെ ബിജെപിയും കോണ്‍ഗ്രസ്സിലെ ഒരുവിഭാഗവും ഏറ്റെടുത്തതോടെ രാഷ്ട്രീയ പ്രതിസന്ധി മനസ്സിലാക്കിയാണ് സിപിഎം പ്രതിരോധത്തിനു കത്തെഴുത്തുമായി രംഗത്തെത്തിയിട്ടുള്ളത്. സമാധാനം, വികസനം എന്ന മുദ്രാവാക്യത്തില്‍ നടത്തുന്ന രണ്ടു മേഖലാ ജാഥകളിലും ബിജെപി, സിപിഐ കക്ഷികളുടെ ദേശീയപാത വികസനത്തിലെ ഇരട്ടത്താപ്പും സംഘപരിവാരത്തിന്റെ ഹിഡന്‍ അജണ്ടയും തുറന്നുകാട്ടുകയാണു ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് ദേശീയപാത അതോറിറ്റിയും കേന്ദ്രസര്‍ക്കാരും അന്തിമ നിലപാടെടുക്കേണ്ട വിഷയത്തില്‍ സിപിഎമ്മിനെതിരായ വികാരമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ കൂട്ടത്തോടെ സന്ദര്‍ശിക്കുകയും നന്ദിഗ്രാമില്‍ നിന്നുള്ള കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുകയും ചെയ്യുന്നതിലൂടെ രാഷ്ട്രീയനേട്ടമാണ് ലക്ഷ്യമിടുന്നതെന്നു അണികളെ ബോധ്യപ്പെടുത്തും.
ഭരണപക്ഷത്തിന്റെ ഭാഗമായിട്ടുകൂടി സിപിഐ എതിര്‍പക്ഷത്തു നില്‍ക്കുന്നത് സിപിഎമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. അതിനുള്ള പരസ്യമായ മറുപടിയും ജാഥകളിലൂടെ നല്‍കും. അതേസമയം, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബദല്‍ നിര്‍ദേശങ്ങളും വയല്‍ക്കിളികളുടെ വാദം അതേപടി അംഗീകരിക്കുന്ന പഠനറിപോര്‍ട്ടും വിശദീകരിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് പാര്‍ട്ടി നേതൃത്വം മനസ്സിലാക്കുന്നുണ്ട്. കീഴാറ്റൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാടെടുത്തിട്ടില്ലെന്നത് സിപിഎമ്മിന് ആശ്വാസമാണ്.
സുധീരനൊഴിച്ച് മറ്റൊരു കോണ്‍ഗ്രസ് നേതാവും സമരത്തില്‍ അണിനിരക്കാത്തത് പ്രതീക്ഷ നല്‍കുന്നതാണെന്ന് സിപിഎം കണക്കുകൂട്ടുന്നു. മാത്രമല്ല, മുസ്‌ലിംലീഗ് നേതൃത്വവും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടിനെ സാധൂകരിക്കുമെന്നു തന്നെയാണു കണക്കുകൂട്ടുന്നത്. അങ്ങനെയായാല്‍ എതിര്‍ക്കുന്നവരിലെ ഭിന്നതകള്‍ തുറന്നുകാട്ടുക വഴി തങ്ങളുടെ നിലപാടാണ് ശരിയെന്നു സ്ഥാപിക്കാനാവും.
Next Story

RELATED STORIES

Share it