കീഴാറ്റൂര്‍: രാജിഭീഷണി അടിസ്ഥാനരഹിതമെന്ന് സിപിഎം ഏരിയാ കമ്മിറ്റി

തളിപ്പറമ്പ്: കീഴാറ്റൂരിലെ വയല്‍ക്കിളി സമരപ്രവര്‍ത്തകരുമായി ജില്ലാ സെക്രട്ടറി പി ജയരാജന്‍ അനുനയനീക്കം നടത്തുന്നതില്‍ പ്രതിഷേധിച്ച് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിഭീഷണി മുഴക്കിയെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിപിഎം ഏരിയാ സെക്രട്ടറി പി മുകുന്ദന്‍. രാജിഭീഷണി മുഴക്കിയെന്ന രൂപത്തിലുള്ള പ്രചാരവേലയ്ക്കു യാതൊരു അടിസ്ഥാനവുമില്ല. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം കീഴാറ്റൂര്‍ വിഷയത്തിലും ഏതു വിഷയത്തിലും പാര്‍ട്ടി കൈകാര്യം ചെയ്യുന്ന രീതി ഒന്നുതന്നെയാണ്.
പാര്‍ട്ടി ജില്ലാ കമ്മിറ്റിയും താഴോട്ടുള്ള കമ്മിറ്റികളായാലും ഏകീകരിച്ച ധാരണയോടെയാണ് എല്ലാ വിഷയത്തിലും ഇടപെടുന്നത്. അതുപോലെ കീഴാറ്റൂര്‍ വിഷയത്തിലും പാര്‍ട്ടി ഏക അഭിപ്രായത്തോടെയാണ് ഇടപെടുന്നത്. ഒരു വിഷയം ഉയര്‍ന്നുവരുന്ന സമയത്ത് ആ വിഷയം പാര്‍ട്ടി നിലപാടില്‍ നിന്നുകൊണ്ട് അണികളെയും നാട്ടുകാരെയും ബോധ്യപ്പെടുത്തി പരിഹാരം ഉണ്ടാക്കുക എന്ന ശൈലിയാണ് സ്വീകരിക്കാറുള്ളത്. കീഴാറ്റൂര്‍ വിഷയത്തില്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കേണ്ട പ്രവര്‍ത്തകരെയും അതുപോലെ നാട്ടുകാരെയും ഒന്നിച്ച് നിര്‍ത്തുക എന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചത്.
പാര്‍ട്ടിക്ക് ഒരു തരത്തിലുള്ള പോറലും ഏല്‍ക്കാതെ ഈ പ്രാദേശിക വിഷയം കൈകാര്യം ചെയ്യാന്‍ ക്രിയാത്മകമായ ഇടപെടലാണ് എടുത്തത്. ജില്ലാ കമ്മിറ്റിയുടെ ഇടപെടല്‍ വളരെ സക്രിയമായിരുന്നു. ജില്ലാ നേതൃത്വം എടുത്ത തീരുമാനത്തില്‍ താഴെതട്ടില്‍ വലിയ പ്രതിഷേധമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പി മുകുന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it