kannur local

കീഴാറ്റൂര്‍: ബദല്‍ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ചചെയ്യണം- സത്യന്‍ മൊകേരി

കണ്ണൂര്‍: നെല്‍വയല്‍ നികത്തി ദേശീയപാത ബൈപാസ് പണിയുന്നതിനെതിരേ കീഴാറ്റൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമന്ന് കിസാന്‍സഭ അഖിലേന്ത്യ സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു. കണ്ണൂരില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട പരിസ്ഥിതി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്നവരെ കഴുകന്‍മാരെന്നും ചെകുത്താന്‍മാരെന്നും വിളിക്കുന്നത് ഇടതുപക്ഷ സമീപനമല്ല.
സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളാണെന്നോ മാവോയിസ്റ്റുകളാണെന്നോ വിലയിരുത്തി മുന്നോട്ടുപോകുന്നത് ശരിയായ നിലപാടല്ല. ചര്‍ച്ച ചെയ്ത് പരിഹരിക്കുകയെന്നതാണ് ഇടതു നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സും ബിജെപിയും കീഴാറ്റൂരിലെ കര്‍ഷക സമരത്തിന് അനുഭാവവുമായെത്തിയത് സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തോടെയാണെന്നും സത്യന്‍ മൊകേരി പറഞ്ഞു. കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍, സി പി ഷൈജന്‍, കിസാന്‍സഭ ജില്ലാ പ്രസിഡന്റ് കെ പി കുഞ്ഞിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it