കീഴാറ്റൂര്‍: പരിശോധന പൂര്‍ത്തിയാക്കി കേന്ദ്രസംഘം മടങ്ങി

തളിപ്പറമ്പ്: വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ സമരം നടക്കുന്ന കീഴാറ്റൂര്‍ വയലില്‍ പരിശോധന പൂര്‍ത്തിയാക്കി കേന്ദ്ര വനം-പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉദ്യോഗസ്ഥര്‍ മടങ്ങി. ബംഗളൂരു മേഖലാ ഓഫിസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ നിര്‍മല്‍ പ്രസാദ്, എം എസ് ഷീബ എന്നിവരാണു കഴിഞ്ഞദിവസം തെളിവെടുപ്പ് ആരംഭിച്ചത്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തി സ്ഥലമളന്ന് കല്ലുകള്‍ സ്ഥാപിച്ച വയല്‍പ്രദേശം ഇന്നലെ രാവിലെ പരിശോധിച്ചു.
വയലിന് സമീപം ഒഴുകുന്ന തോട്, സമീപത്തെ കണ്ടല്‍ക്കാടുകള്‍ എന്നിവ വീക്ഷിച്ചു. വയല്‍ക്കിളി കൂട്ടായ്മയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. വയല്‍ക്കിളി ഭാരവാഹികള്‍ നിരവധി രേഖകള്‍ ജോണ്‍ തോമസിനു കൈമാറി.
എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ കെ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ചില സംഘടനാ പ്രതിനിധികളും നിവേദനം നല്‍കി. ലോക്കല്‍ കമ്മിറ്റിയംഗം കെ ബിജുമോന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരും പരിശോധകസംഘത്തെ കാണാനെത്തിയിരുന്നു. വിശദമായ പഠനറിപോര്‍ട്ട് അടുത്ത ദിവസം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ജോണ്‍ തോമസ് പറഞ്ഞു.
Next Story

RELATED STORIES

Share it