kannur local

കീഴാറ്റൂരില്‍ സംഘര്‍ഷസാധ്യതയെന്ന് റിപോര്‍ട്ട്

കണ്ണൂര്‍: വയലും തണ്ണീര്‍ത്തടവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വയല്‍ക്കിളികളും ദേശീയപാത ബൈപാസ് വയലിലൂടെ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചതോടെ കീഴാറ്റൂരില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നു. പരിസ്ഥിതിപ്രശ്‌നവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ് കീഴാറ്റൂര്‍ വയല്‍പ്രശ്‌നം സങ്കീര്‍ണമായി. വയല്‍ക്കിളികള്‍ക്കുനേരെ ആക്രമണവും കൂടി അരങ്ങേറിയതോടെ സംഘര്‍ഷസാധ്യതാ നിഴലിലാണ് പ്രദേശം.
കീഴാറ്റൂരില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലിസ് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപോര്‍ട്ട് നല്‍കി. മറ്റന്നാള്‍ വയല്‍ക്കിളികള്‍ നടത്തുന്ന നിര്‍ണായക പ്രക്ഷോഭത്തെ പ്രതിരോധിക്കാന്‍ സിപിഎം നാളെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്കെതിരേ നാട് കാവല്‍ എന്ന പേരില്‍ പ്രത്യേക സമരം സംഘടിപ്പിക്കും. പോലിസ് അതിക്രമത്തിനു പുറമെ ഇതിനകം മൂന്ന് ആക്രമണങ്ങള്‍ ഇതിനകം കീഴാറ്റൂരില്‍ അരങ്ങേറി. സമരപ്പന്തല്‍ കത്തിച്ചാണ് സിപിഎം ആദ്യം പ്രകോപനം സൃഷ്ടിച്ചതെങ്കില്‍, ഇന്നലെ സമരസമിതി നേതാക്കളുടെ വീടാക്രമിക്കുന്നതു വരെയെത്തി കാര്യങ്ങള്‍. അതിനിടെ, വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടാക്രമണത്തില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ മാത്രമല്ല, സിപിഎം നേതൃത്വവും അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് പോലിസ് ശാസ്ത്രീയാന്വേഷണം നടത്തണമെന്ന് സിപിഎം ഏരിയാ കമ്മിറ്റി പ്രസ്താവിച്ചു. കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ഏരിയാ സെക്രട്ടറി പി മുകുന്ദന്‍, ജില്ലാ കമ്മിറ്റിയംഗം കെ സന്തോഷ്, ടി ബാലകൃഷ്ണന്‍, പുല്ലായിക്കൊടി ചന്ദ്രന്‍ എന്നിവരാണ് സുരേഷിന്റെ വീട്ടിലെത്തിയത്. കീഴാറ്റൂര്‍ ജനത മണ്ണിനും ഭൂമിക്കും വേണ്ടി പോരാട്ടത്തിലിറങ്ങിയപ്പോള്‍ അക്രമം അഴിച്ചുവിട്ട് പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.
കുറ്റവാളികളെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. എന്നാല്‍, പ്രകോപനം സൃഷ്ടിക്കുകയാണ് പോലിസും സിപിഎമ്മും. കാലം മാറിയത് തിരിച്ചറിഞ്ഞില്ലെങ്കില്‍ സിപിഎം ദുഃഖിക്കേണ്ടി വരുമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.  മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദന്‍, കോണ്‍ഗ്രസ് നേതാക്കളായ നൗഷാദ് ബ്ലാത്തൂര്‍, പി എം പ്രേംകുമാര്‍,  ടി ആര്‍ മോഹന്‍ദാസ്, പി വി കുഞ്ഞിക്കണ്ണന്‍, എം എന്‍ പൂമംഗലം എന്നിവരും ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it