Flash News

കീഴാറ്റൂരിലെ സ്‌കൂള്‍ ബസ് വിലക്ക് നീങ്ങി

തളിപ്പറമ്പ്: സിപിഎം നേതൃത്വം ഇടപെട്ടതോടെ കീഴാറ്റൂരില്‍ സ്വകാര്യ സ്‌കൂള്‍ ബസ് തടയലില്‍ നിന്ന് സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ സംരക്ഷണസമിതി പിന്‍വാങ്ങി. ഇന്നലെ രാവിലെ സ്വകാര്യ സ്‌കൂള്‍ ബസ്സുകളെല്ലാം കീഴാറ്റൂരിലെത്തി കുട്ടികളെ കയറ്റി. ഇതോടെ പുതിയ അധ്യയനവര്‍ഷം മുതല്‍ കീഴാറ്റൂരില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരമായി.
സ്‌കൂള്‍ പിടിഎയെയും സംരക്ഷണസമിതിയെയും വിളിച്ചുചേര്‍ത്ത് ഇന്നു രാവിലെ 10.30നു തളിപ്പറമ്പ് പോലിസ് സ്‌റ്റേഷനില്‍ ചര്‍ച്ച നടത്തും. കീഴാറ്റൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കാതെ നഗരത്തിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും മറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിലും കുട്ടികളെ ചേര്‍ത്തിയതിനെതിരേയാണ് പ്രതിഷേധം. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് പുറമേ തളിപ്പറമ്പ് യുപി സ്‌കൂള്‍, കൊട്ടാരം യുപി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കും വിദ്യാര്‍ഥികളെ കയറ്റാന്‍ കീഴാറ്റൂര്‍ മാണ്ഡംകുണ്ടിലാണ് ബസ് എത്താറുള്ളത്. സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ബസ്സുകള്‍ തടഞ്ഞത്. സംഭവം വിവാദമായതോടെ ജെയിംസ് മാത്യു എംഎല്‍എയും സിപിഎം ജില്ലാ നേതൃത്വവും സമരത്തില്‍ നിന്നു പിന്‍മാറാന്‍ നിര്‍ദേശിക്കുകയായിരുന്നു.
സ്‌കൂളിന്റെ നിലവാരം മെച്ചപ്പെടുത്താനായി നാട്ടുകാര്‍ സ്‌കൂള്‍ കെട്ടിടം നവീകരിക്കുകയും ഫീസില്ലാതെ വാഹനം തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നിട്ടും കുട്ടികളെ ചേര്‍ക്കാന്‍ പരിസരവാസികളായ രക്ഷിതാക്കള്‍ തയ്യാറാവാത്തതാണ് പിടിഎയുടെയും മറ്റും പ്രതിഷേധത്തിനു കാരണമായത്. പ്രശ്‌നം രൂക്ഷമായതോടെയാണ് സിപിഎം ജില്ലാ നേതൃത്വം സമരത്തില്‍ നിന്നു പിന്‍മാറാന്‍ അണികളോട് ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it