ernakulam local

കീരേരിമലയിലെ 13 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ അത്താണി കീരേരിമലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള 13 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ഒരു മാസത്തിനുള്ളില്‍ പുറമ്പോക്ക് സ്ഥലം കണ്ടെത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.  കീരേരിമല കോളനിയിലെ 27 വീട്ടുകാരില്‍ 13 കുടുംബങ്ങളാണ് കടുത്ത മണ്ണിടിച്ചില്‍ ഭീഷണിയിലുള്ളത്. അവരെ എത്രയുംവേഗം മാറ്റി പാര്‍പ്പിക്കുവാനാണ് എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുള്ളത്.
ഒരു മാസത്തിനുള്ളില്‍ അവിടെ സര്‍ക്കാര്‍ പുറമ്പോക്ക്  കണ്ടെത്തുവാനും റവന്യൂ വിഭാഗത്തിന് എഡിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങളായിട്ടുള്ള പരാതിക്കാണ് ഇപ്പോള്‍ പരിഹാരം കണ്ടെത്തിയിട്ടുള്ളത്. ഒരു മാസമായി തുടരുന്ന മഴയില്‍ മണ്ണിടിച്ചില്‍ ഭീഷണി തുടരുന്ന സഹചര്യത്തില്‍ വാര്‍ഡ് കൗണ്‍സിലറും ഇപ്പോഴത്തെ നഗരസഭ അധ്യക്ഷയുമായ എം ടി ഓമന  പി ടി തോമസ് എംഎല്‍എയോട് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടുകയും അതനസരിച്ച് എംഎല്‍എ കീരേരിമല കോളനി പ്രദേശത്ത് എത്തുകയും അപകടാവസ്ഥ ബോധ്യപ്പെട്ട എംഎല്‍എ കീരേരിമല പ്രശ്‌നപരിഹാരത്തിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു കൂട്ടുവാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെടുകയായിരുന്നു.  അതനുസരിച്ചാണ് എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്.
കീരേരിമല കോളനിയില്‍ 27 വീട്ടുകാരില്‍ കടുത്ത മണ്ണിടിച്ചില്‍ ഭീഷണയുള്ളത് 13 വീട്ടുകാരാണ്. അവരെ ആദ്യഘട്ടം മാറ്റി പാര്‍പ്പിക്കുവാനാണ് യോഗ തീരുമാനം. ഈ കോളനിയുടെ സമീപത്തു തന്നെ സ്വകാര്യ സ്ഥാപനത്തിന്റെ കൈവശം ഒന്നര ഏക്കറോളം സര്‍ക്കാര്‍ പുറമ്പോക്കുള്ളതായി വില്ലേജ് അധികാരികള്‍ എഡിഎമ്മിനെ അറിയിച്ചിട്ടുണ്ട്. ആ സ്ഥലം എത്രയുംവേഗം അളന്ന് തിരിച്ച് പുനരധിവാസത്തിനായി മാറ്റിയിടാന്‍ റീസര്‍വേ ,വില്ലേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ ഭരണകൂടം ഇവരെ മാറ്റി പാര്‍പ്പിക്കാന്‍ സ്ഥലം അനുവദിച്ചാല്‍ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീട് നിര്‍മിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ എം ടി ഓമന പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അന്നത്തെ എംഎല്‍എ ബെന്നി ബഹ്നാന്‍ സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്നും 1.66 കോടി രൂപ കീരേരിമല കോളനി സംരക്ഷണഭിത്തി പണിയുവാന്‍ അനുവദിപ്പിച്ചിരുന്നു. അതിന്റെ നടപടികള്‍ക്കായി  സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനും പൊതുമരാമത്ത് വകുപ്പിനും ചുമതല നല്‍കിയെങ്കിലും സാങ്കേതികത്വം പറഞ്ഞ് കാലം കഴിച്ചു. ഇത്തവണ ജില്ലാ ഭരണകൂടവും എംഎല്‍എം ഒന്നിച്ചു ചേര്‍ന്നാണ് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. ഒരു മാസത്തിനുള്ളില്‍ സ്ഥലം തിട്ടപ്പെടുത്തിയേ ശേഷം അടുത്ത മാസം 22 ന് വീണ്ടും കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.
എഡിഎം കബീറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പി ടി തോമസ് എംഎല്‍എ, നഗരസഭാധ്യക്ഷ എം ടി ഓമന, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ചിങ്ങംതറ, കൗണ്‍സിലര്‍ പി എം സലീം, വില്ലേജ് ഓഫിസര്‍ ഉദയകുമാര്‍, റീസര്‍വേ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it