Cricket

കിവീസിന്റെ ചിറകരിഞ്ഞ് ഇന്ത്യയ്ക്ക് പരമ്പര

കിവീസിന്റെ ചിറകരിഞ്ഞ് ഇന്ത്യയ്ക്ക് പരമ്പര
X


കാണ്‍പൂര്‍: ന്യൂസിസന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം ഏകദിനത്തില്‍ അവസാന നിമിഷം വരെ ന്യൂസിലന്‍ഡ് പൊരുതി നോക്കിയെങ്കിലും വിജയ ലക്ഷ്യത്തിനും ആറ് റണ്‍സകലെ തോല്‍വി സമ്മതിക്കുകയായിരുന്നു. രോഹിത് ശര്‍മയും ( 147) വിരാട് കോഹ് ലിയും അടിച്ചെടുത്ത സെഞ്ച്വറിയുടെ മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 337 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം ഇന്ത്യ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡിന് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 331 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂംറയുടെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലിന്റെയും ബൗളിങ് പ്രകടനമാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ഏകദിന പരമ്പര വിജയംകൂടിയാണിത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തിലേ തന്നെ ഓപണ്‍ ശിഖര്‍ ധവാനെ (14) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയുടെയും (147) വിരാട് കോഹ് ലിയുടെയും (113)  തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഇന്ത്യക്ക്കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.  138 പന്തുകള്‍ നേരിട്ട് 18 ഫോറും രണ്ട് സിക്‌സറും പറത്തിയ രോഹിതിന്റെ ഉജ്ജ്വല ഇന്നിങ്‌സ് മിച്ചല്‍ സാന്ററിന്റെ പന്തില്‍ അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 41.2 ഓവറില്‍ രണ്ട് വിക്കറ്റിന് 259 എന്ന മികച്ച നിലയിലായിരുന്നു. രോഹിതിന്റെ കരിയറിലെ 15ാം ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. ബാറ്റിങ് പ്രമോഷനോടെ എത്തിയ ഹര്‍ദിക് പാണ്ഡ്യ (8) പെട്ടെന്ന മടങ്ങിയെങ്കിലും റണ്‍ നിരക്ക്  ഉയര്‍ത്തിയ കോഹ്‌ലി തന്റെ 32ാം സെഞ്ച്വറിയും കാണ്‍പൂരില്‍ കുറിച്ചു. 113 പന്തുകള്‍ നേരിട്ട്  ഒമ്പത് ഫോറും ഒരു സിക്‌സറും പറത്തിയ കോഹ്‌ലി സൗത്തിയുടെ പന്തില്‍ പുറത്താവുകയായിരുന്നു. അവസാന ഓവറുകളില്‍ എംഎസ് ധോണി (25)യും കേദാര്‍ ജാദവും (18) ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചതും ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് കരുത്തായി.മറുപടി ബാറ്റിങില്‍ ശക്തമായി തിരിച്ചടിച്ച ന്യൂസിലന്‍ഡിന് വേണ്ടി കോളിന്‍ മുന്റോ (75), ടോം ലാദം (65), കെയ്ന്‍ വില്യംസണ്‍ (64) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയെ വിറപ്പിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത് ഇന്ത്യ കളി വരുതിയിലാക്കുകയായിരുന്നു. അവസാന ഓവറുകളില്‍ മികച്ച ബൗളിങ് പുറത്തെടുത്ത ബൂംറയും ഭുവനേശ്വറും കിവീസിന്റെ കൈകളില്‍ നിന്ന് വിജയം തട്ടിയെടുക്കുകയായിരുന്നു. വിരാട് കോഹ്‌ലി പരമ്പരയിലെ താരമായപ്പോള്‍ രോഹിത് ശര്‍മ കളിയിലെ താരവുമായി.
Next Story

RELATED STORIES

Share it