World

കിഴക്കന്‍ ഗൂത്തയിലെ കൂട്ടശിക്ഷ അംഗീകരിക്കാനാവില്ല: യുഎന്‍

ദമസ്‌കസ്: സിറിയയില്‍ സാധാരണക്കാരെ കൂട്ടശിക്ഷയ്ക്ക് വിധേയമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നു യുഎന്‍. സിറിയന്‍ തലസ്ഥാനം ദമസ്‌കസിന്റെ സമീപപ്രദേശമായ ഗൂത്തയില്‍ സിറിയന്‍-റഷ്യന്‍ സഖ്യസേനയുടെ ആക്രമണം ശക്തമായി തുടരുന്നതിനിടെയാണ് യുഎന്നിന്റെ പ്രതികരണം.
സിറിയയിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ സുരക്ഷയെയും സംരക്ഷണത്തെയും കുറിച്ച് അതീവ ആശങ്കയുള്ളതായും യുഎന്‍ ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിനു യുഎന്‍ രക്ഷാസമിതി അംഗീകാരം നല്‍കി ഒരാഴ്ചയ്ക്കു ശേഷമാണ് മേഖലയിലെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ചുള്ള പ്രസ്താവന പുറത്തുവരുന്നത്.
നാലുലക്ഷത്തോളം ജനസംഖ്യയുള്ള കിഴക്കന്‍ ഗൂത്തയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായതായി യുഎന്‍ സിറിയന്‍ കോ-ഓഡിനേറ്റര്‍ പാനോസ് മൂംതിസിന്റെ പ്രസ്താവനയില്‍ പറയുന്നു. സൈനിക നടപടികളില്‍ ഇളവു വരുത്തുന്നതിനു പകരം ആക്രമണങ്ങള്‍ ശക്തമാവുകയാണ്. കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്നു. ആശുപത്രികള്‍ക്കുനേരെയുള്ള ബോംബാക്രമണങ്ങള്‍ തുടരുന്നു. ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള അസ്വസ്ഥമാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും പ്രസ്താവന പറയുന്നു.
രണ്ടാഴ്ചയിലധികമായി തുടരുന്ന സൈനികാക്രമണങ്ങളില്‍ 150 കുട്ടികളടക്കം 674 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് സന്നദ്ധ സംഘടനകള്‍ അറിയിച്ചത്. പ്രദേശ വാസികള്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടി പലായനം ചെയ്യുന്നതായും വാര്‍ത്തകളുണ്ട്. സൈനിക ഉപരോധം ആരംഭിച്ച ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കിഴക്കന്‍ ഗൂത്ത ഇപ്പോള്‍ കടന്നുപോവുന്നതെന്നു പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ ഫിറാസ് അല്‍ അബ്ദുല്ല പറഞ്ഞു. വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയില്‍ 2013ലാണ് സിറിയന്‍ സര്‍ക്കാര്‍ ഉപരോധം ആരംഭിച്ചത്. കെട്ടിടങ്ങളുടെ ഭൂഗര്‍ഭ അറകളിലും താല്‍ക്കാലിക ഷെഡ്ഡുകളിലുമാണ് നഗരവാസികള്‍ കഴിയുന്നത്. കുട്ടികള്‍ ശ്വാസതടസ്സവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അനുഭവിക്കുന്നതായും ഫിറാസ് അല്‍ അബ്ദുല്ല അറിയിച്ചു.
ഗൂത്തയുടെ 10 ശതമാനം പ്രദേശങ്ങള്‍ വിമതരില്‍ നിന്നു സിറിയന്‍ സര്‍ക്കാര്‍ സൈന്യം പിടിച്ചടക്കിയതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘം അറിയിച്ചു. കിഴക്കന്‍ തെക്കുകിഴക്കന്‍ മേഖലകളിലാണ് സിറിയന്‍ സേന ആധിപത്യം നേടിയത്. രണ്ടു വ്യോമകേന്ദ്രങ്ങളും സേന പിടിച്ചടക്കി. വിമത കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചു കഴിഞ്ഞ 48 മണിക്കൂറിനിടെ സേന ആക്രമണം ശക്തമാക്കിയതായി നിരീക്ഷക സംഘം തലവന്‍ റമി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.
അതേസമയം, ഇന്നലെ ഗൂത്തയിലേക്ക് ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളുമായെത്തിയ യുഎന്‍ വാഹന വ്യൂഹം പ്രദേശത്തേക്ക് പ്രവേശിക്കാനാവാതെ തിരിച്ചുപോയി. ദൗമ പട്ടണത്തിലേക്കുള്ള 40 ട്രക്കുകളാണ് മടങ്ങിയത്. ഗൂത്തയിലെ ആക്രമണങ്ങള്‍ യുദ്ധക്കുറ്റകൃത്യങ്ങളുടെ പരിധിയിലുള്‍പ്പെടാന്‍ സാധ്യതയുള്ളവയെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍ സെയ്ദ് റഅദ് അല്‍ ഹുസയ്ന്‍ അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it