Alappuzha local

കിളുന്നേരില്‍ വാസികളുടെ യാത്രാദുരിതത്തിന് അറുതിയാവുന്നു



മാന്നാര്‍: കിളുന്നേരില്‍ വാസികളുടെ യാത്രാദുരിതത്തിന് അറുതിയാവുന്നു.   മാന്നാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പാവുക്കര കിളുന്നേരില്‍ ഭാഗത്ത് ഇലമ്പനം തോടിന് സമീപം താമസിക്കുന്നവര്‍ക്കാണ് അപകടം നിറഞ്ഞ യാത്രയില്‍ നിന്നും മോചനമായത്.  വര്‍ഷങ്ങളായി സ്ത്രീകളും സ്‌കുള്‍കുട്ടികളടക്കമുള്ളവര്‍ ഇലമ്പനം തോട് മറികടക്കുവാന്‍ രണ്ട് തെങ്ങുതടികള്‍ ചേര്‍ത്ത് നിര്‍മിച്ച പാലമായിരുന്നു ആശ്രയം. ഇവിടെയുള്ള കുടുംബങ്ങളുടെ അപകടയാത്ര പഞ്ചായത്തംഗം കലാധരന്‍ കൈലാസം പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും,  മാന്നാര്‍ പഞ്ചായത്ത് 2016-17 വാര്‍ഷികപദ്ധതിയില്‍പ്പെടുത്തി ഇവിടെ കലുങ്കുപാലവും അപ്രോച്ച് റോഡും പണിയുവാന്‍ തീരുമാനമെടുക്കുകയുമൂണ്ടായി.   6.40 ലക്ഷം രൂപ മുടക്കിയാണ് കലുങ്കുപാലവും 100 മീറ്ററോളം കോണ്‍ക്രീറ്റ് ചെയ്ത അപ്രോച്ച് റോഡും നിര്‍മ്മിച്ചത്.  നിര്‍മാണം പൂര്‍ത്തിയാക്കിയ കലുങ്കുപാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും സമര്‍പ്പണം ഇന്ന്  വൈകിട്ട് 4ന് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരില്‍ നിര്‍വഹിക്കും.   ഇതോടനുബന്ധിച്ച് പഞ്ചായത്തംഗം കലാധരന്‍ കൈലാസത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സ്ഥിരംസമിതി അധ്യക്ഷന്‍ ചാക്കോ കയ്യത്ര മുഖ്യപ്രഭാഷണം നടത്തും.  ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയ നാലാം വാര്‍ഡിലെ വിദ്യാര്‍ഥികളെ അനുമോദിക്കും.
Next Story

RELATED STORIES

Share it