Flash News

കിരീടത്തില്‍ മുത്തമിടാന്‍ ക്രൊയേഷ്യയും ഫ്രാന്‍സും

മോസ്‌കോ: 64 മല്‍സരങ്ങള്‍ക്കു ശേഷം ലോക ഫുട്‌ബോള്‍ മാമാങ്കത്തിനു റഷ്യയില്‍ ഇന്ന് പരിസമാപ്തി കുറിക്കുമ്പോള്‍ വിപ്ലവമണ്ണില്‍ ആര് കിരീടം ഉയര്‍ത്തുമെന്ന് ഇന്നറിയാം. കന്നി ലോകകപ്പ് കിരീടത്തില്‍ മുത്തമിടാനൊരുങ്ങി ക്രൊയേഷ്യയും രണ്ടാം കിരീടം ലക്ഷ്യംവച്ച് ഫ്രാന്‍സുമാണ് ഫൈനലില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.
സെമി ഫൈനലില്‍ ബെല്‍ജിയത്തെ ഒരൊറ്റ ഗോളിനു പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് കലാശക്കളിക്ക് യോഗ്യത നേടിയതെങ്കില്‍ ത്രീ ലയണ്‍സ് എന്നു വിളിപ്പേരുള്ള ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ക്രൊയേഷ്യ കന്നി ഫൈനല്‍ വരവറിയിച്ചത്. ഇരു ടീമും യൂറോപ്പില്‍ നിന്നാണെന്നതിനാല്‍ യൂറോപ്യന്‍ കലാശക്കൊട്ടെന്നും ഇതിനെ വിശേഷിപ്പിക്കാം. ലോകകപ്പില്‍ ആദ്യ റൗണ്ട് മുതല്‍ അപരാജിതരായാണ് ഇരുടീമും ഫൈനല്‍ വരെ എത്തിയത്.
തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് ഫ്രഞ്ച് പട ഇറങ്ങുന്നത്. മുമ്പ് 2016ലെ യൂറോ കപ്പില്‍ ഫ്രാന്‍സ് ഫൈനലില്‍ പോര്‍ച്ചുഗലിനെതിരേ മല്‍സരിച്ചെങ്കിലും പരാജയപ്പെടാനായിരുന്നു വിധി. ആ പരാജയം ലോകകപ്പിലെ കിരീടനേട്ടത്തിലൂടെ മായ്ച്ചുകളയാന്‍ ഉറച്ചാണ് ടീം ഇന്ന് ബൂട്ടു കെട്ടുന്നത്. മുമ്പ് 1998ലാണ് ഫ്രാന്‍സ് കിരീടമുയര്‍ത്തിയത്. അന്ന് ക്യാപ്റ്റനായിരുന്ന ദിദിയര്‍ ദെഷാംപ്‌സാണ് ഇപ്പോഴുള്ള ഫ്രഞ്ച് ടീമിന്റെ പരിശീലകന്‍ എന്നതും ടീമിന്റെ കിരീടപ്രതീക്ഷയ്ക്ക് ആക്കംകൂട്ടുന്നു. വേഗവും താളവും ഒരുപോലെ കെട്ടിപ്പടുത്ത കൈലിയന്‍ എംബാപ്പെയും പ്രതിരോധത്തെ വെട്ടിച്ചു മുന്നേറാന്‍ കെല്‍പുള്ള അന്റോണിയോ ഗ്രീസ്മാനും ഒളിവര്‍ ജിറൗഡും ചേര്‍ന്നതാണ് ഫ്രഞ്ച് മുന്നേറ്റം.
ഇതുവരെ മധ്യനിരയുടെ തകര്‍പ്പന്‍ കളിയഴകിന്റെ പിന്‍ബലമാണ് ക്രൊയേഷ്യക്ക് ശക്തി പകരുന്നതെങ്കില്‍ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരേപോലെ മികവു തെളിയിച്ചാണ് ഫ്രാന്‍സ് ഓരോ ഘട്ടങ്ങളും അതിജീവിച്ചത്.
Next Story

RELATED STORIES

Share it