Kottayam Local

കിണര്‍ റീചാര്‍ജിങ് രീതിയ്ക്ക് പ്രിയമേറുന്നു

ചാമംപതാല്‍: കനത്ത വേനലില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടം ഓടുമ്പോഴും കിണര്‍ റീ ചാര്‍ജിങ് സംവിധാനം ഉപയോഗിക്കുന്ന കിണറുകളില്‍ ജലസമൃദ്ധി. ഇതോടെ പലരും കിണര്‍ റീ ചാര്‍ജിങ് സംവിധാനം ഒരുക്കി വേനല്‍മഴയെ പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. ലക്ഷങ്ങള്‍ മുടക്കി കുഴല്‍ കിണര്‍ നിര്‍മിച്ചാലും ആവശ്യത്തിനു വെള്ളം ലഭിക്കാത്ത സാഹചര്യം വന്നതോടെയാണു പലരും ചിലവ് കുറഞ്ഞ കിണര്‍ റീ ചാര്‍ജിങ് സംവിധാനത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.
ടെറസില്‍ വീഴുന്ന മഴ വെള്ളത്തെ പിവിസി പൈപ്പിലൂടെ കിണറിനു സമീപത്തായി തയ്യാറാക്കിയ പ്രത്യേക കുഴിയില്‍ എത്തിക്കുന്നു. ഈ വെള്ളം മണ്ണിലൂടെ തന്നെ അരിച്ച് കിണറില്‍ എത്തിക്കുന്ന രീതിക്കാണ് കിണര്‍ റീ ചാര്‍ജിങ് എന്നു പറയുന്നത്.
ആയിരം സ്‌ക്വയര്‍ ഫീറ്റുള്ള ഒരു ടെറസില്‍ നിന്നു മൂന്നു ലക്ഷം ലിറ്റര്‍ മഴ വെള്ളം വരെ ഒരു മഴക്കാലത്ത് ലഭ്യമാവുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കിണര്‍ റീചാര്‍ജിങ് സംവിധാനം ഫലപ്രഥമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ വേനല്‍കാലത്തെ കുടിവെള്ള ക്ഷാമത്തെ ഒരുപരിധി വരെ പ്രതിരോധിക്കാനാവുമെന്ന് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്ന വീട്ടമ്മമാരും സാക്ഷ്യപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it