World

കാസ്‌ട്രോ യുഗത്തിന് തിരശ്ശീല; ക്യൂബയെ ഡയസ് കാനല്‍ നയിക്കും

ഹവാന: ക്യൂബയില്‍ ആറു പതിറ്റാണ്ടു നീണ്ടുനിന്ന കാസ്‌ട്രോ യുഗം അവസാനിച്ചു. രണ്ടു ദിവസം നീണ്ട ക്യൂബന്‍ ദേശീയ അസംബ്ലി യോഗത്തില്‍ 10 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച്് റൗള്‍ കാസ്‌ട്രോ പടിയിറങ്ങി. റൗള്‍ കാസ്‌ട്രോയുടെ പിന്‍ഗാമിയായി വൈസ് പ്രസിഡന്റ് മിഗ്വേല്‍ ഡയസ് അധികാരമേറ്റു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഏക സ്ഥാനാര്‍ഥി  57കാരനായ കാനലിന് 604 അംഗ പാര്‍ലമെന്റിന്റെ 603 വോട്ടും നേടി. അഞ്ചു വര്‍ഷത്തേക്കാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ക്യൂബാ ഡിബേറ്റ് ഔദ്യോഗിക വൈബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തു.
തിരഞ്ഞെടുപ്പിനു ശേഷം കാനലിനെ റൗള്‍ കാസ്‌ട്രോ  ആശ്ലേഷിക്കുന്ന ദൃശ്യങ്ങള്‍ ക്യൂബന്‍ ടിവി പുറത്തുവിട്ടു.  രാജ്യത്തെ അട്ടിമറിക്കാനുള്ള മുതലാളിത്ത ശക്തികളുടെ ഏതു നീക്കത്തിനെതിരേയും പോരാടുമെന്നും തന്റെ മുന്‍ഗാമികള്‍ തുടര്‍ന്നുവരുന്ന സോഷ്യലിസ്റ്റ് ഭരണരീതി തുടര്‍ന്നും കാത്തുസൂക്ഷിക്കുമെന്നും കാനല്‍ അറിയിച്ചു. വിപ്ലവം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
റൗള്‍ കാസ്‌ട്രോയുടെ അടുത്ത അനുയായിയാണു ഡയസ് കാനല്‍. 1959ലെ ക്യൂബന്‍ വിപ്ലവത്തിനു ശേഷം ഇതാദ്യമായാണു കാസ്‌ട്രോ കുടുംബത്തിനു പുറത്തുനിന്നൊരാള്‍  പ്രസിഡന്റ് പദവിലെത്തിലേക്ക് എത്തുന്നത്. യങ് കമ്മ്യൂണിസ്റ്റ് ലീഗ് അംഗമായി പാര്‍ട്ടിയിലെത്തിയ കാനല്‍, 2013ലാണ് ക്യൂബന്‍ വൈസ് പ്രസിഡന്റായി നിയമിതനായത്.
ക്യൂബന്‍ വിപ്ലവത്തിനു ശേഷം ജനിച്ച് അധികാരത്തിലെത്തുന്ന ആദ്യ വ്യക്തി, 60 വര്‍ഷത്തിനിടെ ആദ്യമായി അധികാരത്തിലെത്തുന്ന കാസ്‌ട്രോ നാമധാരിയല്ലാത്ത ഒരാള്‍ എന്നീ നേട്ടങ്ങളും സ്ഥാനാരോഹണത്തോടെ ഡയസ് കനാലിന്റെ പേരിലാവും.അതേസമയം, 2021ലെ പാര്‍ട്ടി കോണ്‍ഗ്രസ് വരെ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേധാവിയായി റൗള്‍ കാസ്‌ട്രോ  തുടരും.
2006ലാണു ക്യൂബന്‍ വിപ്ലവനേതാവും ജ്യേഷ്ഠ സഹോദരനുമായ ഫിദല്‍ കാസ്‌ട്രോയില്‍ നിന്ന് റൗള്‍, ക്യൂബയുടെ ഭരണം ഏറ്റെടുത്തത്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ ക്യൂബയിലെ നിര്‍ണായക അധികാര കേന്ദ്രമായി റൗള്‍ കാസ്‌ട്രോ തന്നെ തുടരും.
Next Story

RELATED STORIES

Share it