കാവേരി: രണ്ടിന് അണ്ണാ ഡിഎംകെ ഉപവാസം

ചെന്നൈ: കാവേരി മാനേജ്്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ രണ്ടിന് തമിഴ്‌നാട്ടിലുടനീളം ഉപവാസം സംഘടിപ്പിക്കാന്‍ അണ്ണാ ഡിഎംകെ തീരുമാനിച്ചു. ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം മധുരയില്‍ അറിയിച്ചതാണ് ഇക്കാര്യം. അതേസമയം, ഉപവാസം നടത്താനുള്ള തീരുമാനം സര്‍ക്കാരിന്റെ നാടകമാണെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ പറഞ്ഞു. കാവേരി മാനേജ്്‌മെന്റ് ബോര്‍ഡ് (സിഎംബി) രൂപീകരിക്കുന്നതില്‍ കേന്ദ്രം ഉദാസീനത കാണിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് ഉടന്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍ അറിയിച്ചു.
എന്നാല്‍, ഏതുതരത്തിലുള്ള ഹരജിയാണ് സമര്‍പ്പിക്കുക എന്നത് അദ്ദേഹം വെളിപ്പെടുത്തിയില്ല.  സിഎംബി രൂപീകരിക്കുന്നതില്‍ കേന്ദ്രം നടപടി സ്വീകരിക്കാത്തതിനെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച മുഖ്യമന്ത്രി കെ പളനിസ്വാമി യോഗം വിളിച്ചുകൂട്ടിയിരുന്നു. സിഎംബി രൂപീകരിക്കുന്നതിന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നല്‍കിയ സമയപരിധി വ്യാഴാഴ്ച അവസാനിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യത്തിന് തമിഴ്‌നാട് ഹരജി നല്‍കുമെന്നാണ് സൂചന. കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതിന് കാവേരി മാനേജ്്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ഫെബ്രുവരി 16നാണ് കോടതി നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it