കാവേരി: കരട് പദ്ധതി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതിനായുള്ള പദ്ധതിയുടെ കരട് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. കേന്ദ്ര ജലവിഭവ സെക്രട്ടറി യു പി സിങ് നേരിട്ടെത്തിയാണു പദ്ധതിയുടെ കരട് കോടതിയില്‍ സമര്‍പ്പിച്ചത്. കരട് തയ്യാറാക്കി സമര്‍പ്പിക്കാനുള്ള കോടതി നല്‍കിയ എല്ലാ സമയപരിധിയും ലംഘിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ കോടതി മെയ് എട്ടിന് കേസിന് പരിഗണിച്ചപ്പോള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കാവേരി വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ബോര്‍ഡാണോ, അതോറിറ്റിയാണോ, സമിതിയാണോ രൂപീകരിക്കേണ്ടതെന്ന് ഇന്നലെ സമര്‍പ്പിച്ച കരടിലും കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
ഇക്കാര്യം കര്‍ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങള്‍ക്കു ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കാമെന്നാണു കേന്ദ്രം വ്യക്തമാക്കിയത്. ഏതു സംവിധാനം രൂപീകരിക്കുന്നതിനോടും അനുകൂല നിലപാടാണെന്നു വ്യക്തമാക്കിയ കേന്ദ്രം, ഉടന്‍ തീരുമാനം വേണമെങ്കില്‍ നിലവിലെ പദ്ധതി കേന്ദ്ര തലത്തില്‍ അംഗീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭയോട് കോടതിക്ക് ആവശ്യപ്പെടാമെന്നും അങ്ങനെയെങ്കില്‍ വിഷയത്തില്‍ അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 6എ പ്രകാരം കേന്ദ്രമന്ത്രിസഭ അന്തിമ തീരുമാനം എടുക്കുമെന്നും അറിയിച്ചു.
അതേസമയം, ഇന്നലെ കേസ് പരിഗണിച്ച കോടതി, പദ്ധതിയുടെ വിശദാംശങ്ങളിലേക്കു കടക്കില്ലെന്നും ഫെബ്രുവരി 16ലെ കോടതിവിധിയോട് ഇണങ്ങുന്നതാണോ എന്നു മാത്രമെ തങ്ങള്‍ പരിശോധിക്കുകയുള്ളൂവെന്നും വ്യക്തമാക്കി. പദ്ധതിയുടെ ഔചിത്യമോ, നിയമസാധുതയോ കോടതി പരിശോധിക്കില്ല. എന്നാല്‍, കര്‍ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇനി ഒരു രണ്ടാംഘട്ട നീണ്ട നിയമപോരാട്ടം കാവേരി വിഷയത്തില്‍ ഉണ്ടാവാത്തതാവണം പദ്ധതിയെന്നാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞത്.
പദ്ധതിയുടെ കരട് കേസില്‍ കക്ഷികളായ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കൈമാറി. ബുധനാഴ്ച സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കണം. പദ്ധതിയുടെ ഭരണപരമായ ചെലവുകളുടെ 40 ശതമാനം വീതം കര്‍ണാടകയും തമിഴ്‌നാടും വഹിക്കണം. 15 ശതമാനം കേരളവും അഞ്ചു ശതമാനം പുതുച്ചേരിയും വഹിക്കണം. ബംഗളൂരുവിലായിരിക്കും ബോര്‍ഡിന്റെ കോര്‍പറേറ്റ് ഓഫിസ്. കാവേരി വാട്ടര്‍ മാനേജ്‌മെന്റ് പദ്ധതി, 2018നു കേന്ദ്രം പേര് നിര്‍ദേശിക്കുന്നില്ല. ബോര്‍ഡ്, അതോറിറ്റി, കമ്മിറ്റി ഇവയില്‍ ഏതുമാവാമെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. അതോറിറ്റിയുടെ അധ്യക്ഷനെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കും അധ്യക്ഷന്റെ കാലാവധി അഞ്ചു വര്‍ഷമോ, അല്ലെങ്കില്‍ 65 വയസ്സു വരെയോ ആയിരിക്കും. അധ്യക്ഷന്‍ വിശാലമായ പരിചയസമ്പത്തുള്ള മുതിര്‍ന്ന വിദഗ്ധനായ എന്‍ജിനീയറോ, ഐഎഎസ് ഉദ്യോഗസ്ഥനോ ആയിരിക്കും. നാലു സംസ്ഥാനങ്ങളിലെയും ജലവിഭവ വകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാര്‍ അതോറിറ്റിയില്‍ പാര്‍ട്ട് ടൈം അംഗങ്ങളായിരിക്കുമെന്നും കരട് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it