കാല്‍നൂറ്റാണ്ടിനു ശേഷം ഹജ്ജ് കപ്പല്‍ സര്‍വീസ് തിരിച്ചുവരുന്നു

കോഴിക്കോട്: കടല്‍ചൊരുക്കിനെ തോല്‍പിച്ച് ദിവസങ്ങള്‍ നീണ്ട പുണ്യയാത്രയ്ക്ക്് വീണ്ടും അവസരമൊരുങ്ങുന്നു. കാല്‍നൂറ്റാണ്ടു മുമ്പ് അവസാനിപ്പിച്ച ഹജ്ജ് കപ്പല്‍ സര്‍വീസ്്് പുനസ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. വിമാനയാത്ര സാധാരണമാവുന്നതിനു മുമ്പായിരുന്നു ഹജ്ജ് തീര്‍ത്ഥാടനത്തിനായി ശ്രമകരമായ കപ്പല്‍യാത്ര ഉണ്ടായിരുന്നത്. യാത്രികര്‍ വര്‍ധിച്ചതിനനുസരിച്ച് കപ്പലുകള്‍ ലഭ്യമല്ലാതായതും വിമാനമാര്‍ഗം വളരെ വേഗത്തില്‍ പുണ്യഭൂമിയിലെത്താനുള്ള ഹജ്ജാജിമാരുടെ തിടുക്കവുമാണ് 1993ല്‍ ഹജ്ജ് കപ്പല്‍ സര്‍വീസ് നിര്‍ത്തലാക്കാന്‍ കാരണമായത്.
കാല്‍നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ജിദ്ദയിലേക്കുള്ള ഹജ്ജ്്് കപ്പല്‍യാത്ര പുനസ്ഥാപിക്കുമ്പോള്‍, അത് സഹനത്തിന്റെ മറ്റൊരു അധ്യായംകൂടി പുതിയ തലമുറയ്ക്കു മുന്നില്‍ തുറന്നുവയ്ക്കുകയാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ജിദ്ദയിലേക്ക് കപ്പല്‍ സര്‍വീസ് നടത്താന്‍ തയ്യാറുള്ള സ്ഥാപനങ്ങളില്‍നിന്നു താല്‍പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു. മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കും അവിടെ നിന്നു തിരിച്ചുമാണ് കപ്പല്‍ സര്‍വീസ്. ഇതുസംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി സൗദി അറേബ്യയിലെ ഹജ്ജ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമായി ആശയവിനിമയം നടത്തിയാണ് കപ്പല്‍ സര്‍വീസ് പുനസ്ഥാപിക്കുന്നത്.
സ്ഥിരമായും കാര്യക്ഷമമായും സര്‍വീസ് നടത്താന്‍ സംവിധാനമുള്ള സ്ഥാപനങ്ങളില്‍നിന്നാണ് താല്‍പര്യപത്രം ക്ഷണിച്ചത്. വര്‍ഷത്തില്‍ 200 കോടി രൂപയുടെ ടേണ്‍ഓവര്‍, സ്വന്തമായി 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത രണ്ടു കപ്പലുകള്‍, ഇന്ത്യയുടെയോ സൗദിയുടെയോ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ എന്നീ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങളെയാണ് പദ്ധതിക്കായി ക്ഷണിച്ചിട്ടുള്ളത്. തുടര്‍ച്ചയായി അഞ്ചുവര്‍ഷം സര്‍വീസ് നടത്താന്‍ തയ്യാറാവുന്ന സ്ഥാപനങ്ങളെ മാത്രമേ പരിഗണിക്കൂ.
ഹജ്ജ് സബ്‌സിഡി പിന്‍വലിക്കുകയും വിമാനയാത്ര ചെലവേറുകയും ചെയ്ത സാഹചര്യത്തിലാണ് കപ്പല്‍ സര്‍വീസ് പുനസ്ഥാപിക്കാന്‍ നീക്കമാരംഭിച്ചത്. ഹജ്ജ് യാത്രികര്‍ക്ക്് ചെലവുകുറഞ്ഞ യാത്രാസംവിധാനം ഒരുക്കണമെന്ന സുപ്രിംകോടതിവിധിയും പുനരാലോചനയ്ക്കു വേഗം കൂട്ടി.

Next Story

RELATED STORIES

Share it