കാലിക്കറ്റ് വിസിക്കെതിരായ കേസ്: ലീഗ് അനുകൂല സര്‍വീസ് സംഘടന കക്ഷിചേരുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിന്റെ യോഗ്യത ചോദ്യംചെയ്തു ഹൈക്കോടതിയിലുള്ള കേസില്‍ കക്ഷിചേരാന്‍ ലീഗ് അനുകൂല സര്‍വീസ് സംഘടനയായ സോളിഡാരിറ്റി ഓഫ് യൂനിവേഴ്‌സിറ്റിയുടെ തീരുമാനം. കഴിഞ്ഞദിവസം സോളിഡാരിറ്റിയുടെ യോഗം ചേര്‍ന്നാണ് വിസിക്ക് വേണ്ടി കക്ഷിചേരാന്‍ തീരുമാനിച്ചത്.ഈ കേസില്‍ കഴിഞ്ഞദിവസം കാലിക്കറ്റ് വൈസ് ചാന്‍സലര്‍ക്ക് യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെയാണു സര്‍വീസ് സംഘടനയുടെ തീരുമാനം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു ഡോ. മുഹമ്മദ് ബഷീറിനെ വിസിയായി നിയമിച്ചത്. എന്നാല്‍ യോഗ്യതയില്ലെന്ന പേരില്‍ വിസിയുടെ നിയമനം ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന വിഷയത്തില്‍ മുസ്‌ലിംലീഗ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എംഎസ്എഫും യൂത്ത്‌ലീഗും കാംപസിലെ പല വിഷയങ്ങളിലും വിസിയുമായി ഇടഞ്ഞു നില്‍ക്കുമ്പോഴാണ് ലീഗ് അനുകൂല സര്‍വീസ് സംഘടന വിസിക്ക് അനുകൂലമായി കേസില്‍ കക്ഷിചേരുന്നത്.
ആറു മാസത്തോളമായി വിസിയുടെ യോഗ്യതാ വിഷയം ചര്‍ച്ചയായിട്ട്. മുസ്‌ലിംലീഗ് നിയമിച്ച വിസി എന്ന നിലയ്ക്ക് ലീഗ് നേതൃത്വത്തില്‍ നിന്നും പ്രതികരണമുണ്ടായിട്ടില്ല. വിസിയുടെ യോഗ്യത ചോദ്യംചെയ്ത് വാഴ്‌സിറ്റിയിലെ ഇടത് അനുകൂല അധ്യാപക സംഘടനാ നേതാവ് ഡോ. ബി എസ് ഹരികുമാരന്‍ തമ്പിയും വാഴ്‌സിറ്റിയിലെ മുന്‍ സംസ്‌കൃതം വകുപ്പ് മേധാവിയും സിപിഎം സഹയാത്രികനുമായ ഡോ. എന്‍ വി പി ഉണ്ണിത്തിരിയും നല്‍കിയ കേസുകളാണ് ഹൈക്കോടതിയിലുള്ളത്. ഈ കേസിലാണ് ഹരജിക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it