കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്‍എസ്എസ് അന്‍പതാമത് വീട് കൈമാറി

തേഞ്ഞിപ്പലം: വിദ്യാഭ്യാസം കേവലം ബിരുദങ്ങളുടെയല്ല, സംസ്‌കാരത്തിന്റെ കൂമ്പാരമാവണമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഭവനരഹിതര്‍ക്ക് 250 വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന കാലിക്കറ്റ് സര്‍വകലാശാല നാഷനല്‍ സര്‍വീസ് സ്‌കീം പരിപാടി അനുസരിച്ച് നിര്‍മിച്ച 50ാമത് വീടിന്റെ താക്കോല്‍ദാനം വളയംകുളം അസ്സബാഹ് കോളജില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ സമൂഹവുമായി ഏറ്റവും കൂടുതല്‍ അടുപ്പിക്കാനും നേടിയ വിജ്ഞാനത്തെ സാമൂഹിക ജീവിതവുമായി ബന്ധപ്പെടുത്താനുമുള്ള ശേഷി ആര്‍ജിക്കാനുമാണ് വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്. വീട് നിര്‍മിച്ചു നല്‍കുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഈ പദ്ധതി മാതൃകാപരമാണെന്നും സ്പീക്കര്‍ പറഞ്ഞു.
പദ്ധതിപ്രകാരം നിര്‍മിച്ച 250 വീടുകളും ഗുണഭോക്താക്കള്‍ക്ക് ഈ വര്‍ഷാവസാനത്തോടെ നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.സുവര്‍ണജൂബിലി വര്‍ഷത്തിലെ സുപ്രധാന പരിപാടിയാണ് എന്‍എസ്എസ് ഭവനനിര്‍മാണ പദ്ധതി. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് വീടുകള്‍ നിര്‍മിക്കുന്നത്.
ആഗസ്ത് 15 ഓടെ 100 വീടുകള്‍ കൈമാറുമെന്ന് എന്‍എസ്എസ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പി വി വല്‍സരാജന്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. വി കെ അബൂബക്കര്‍, പ്രോഗ്രാം ഓഫിസര്‍ കെ യു പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷാ ഹസന്‍ അധ്യക്ഷയായിരുന്നു. ഗുണഭോക്താവായ മുഹമ്മദ് കോക്കൂര്‍ താക്കോല്‍ ഏറ്റുവാങ്ങി.
Next Story

RELATED STORIES

Share it