World

കാലാവസ്ഥാ വ്യതിയാനം 35 കോടി ജനങ്ങളുടെ മരണത്തിനിടയായേക്കും: യുഎന്‍

ജനീവ: ലോകത്ത് ഉഷ്ണതരംഗത്തിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയുണ്ടാവുമെന്നു പഠന റിപോര്‍ട്ട്. 2015ല്‍ സംഭവിച്ചതിനേക്കാള്‍ രൂക്ഷമാവും സാഹചര്യം. 2030 ആവുമ്പോഴേക്കും ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും കൂട്ടമരണത്തിനു സാധ്യതയുണ്ടെന്നും യുഎന്‍ റിപോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലുണ്ടായിരുന്ന അര്‍തര്‍ വൈന്‍സ് പറയുന്നു.
2010ലുണ്ടായിരുന്ന താപനിലയേക്കാള്‍ കാര്‍ബണ്‍ പുറംതള്ളല്‍ 45 ശതമാനം കുറയ്ക്കുകയാണ് ഏക പരിഹാരമെന്നും അദ്ദേഹം പറയുന്നു. വിവിധ രാജ്യങ്ങള്‍ സംയുക്തമായിട്ടാണു കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പഠിച്ചതും റിപോര്‍ട്ട് തയ്യാറാക്കിയതും. റിപോര്‍ട്ട് തിങ്കളാഴ്ച പുറത്തുവിട്ടു. ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ വിശദമായ ചര്‍ച്ച നടത്തും. അന്തരീക്ഷ താപനില പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ കൂട്ടമരണമാവും ഫലമെന്ന് റിപോര്‍ട്ട് താക്കീത് ചെയ്യുന്നു.
പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ അന്തരീക്ഷ താപനില രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി നിലനിര്‍ത്താന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ കാര്യമായ കുറവ് പ്രകടമായിട്ടില്ല. ഈ സാഹചര്യത്തിലാണു പുതിയ പഠനം നടത്തിയത്. ആഗോള താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്ക് അടുക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി കണക്കാക്കാന്‍ സാധിക്കില്ല. ഇന്ത്യയിലും പാകിസ്താനിലുമാണു കടുത്ത ഉഷ്ണതരംഗത്തിനു സാധ്യതയെന്നു റിപോര്‍ട്ടില്‍ പറയുന്നു. മലേറിയ, ഡെങ്കി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പതിവാകും. മെട്രോ നഗരങ്ങളില്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ വരും. 2050 ആവുമ്പോഴേക്കും 35 കോടി ജനങ്ങളുടെ മരണമാവും ഫലം. ദാരിദ്ര്യം വര്‍ധിക്കുകയും ചെയ്യും.
ഏറെക്കാലമായി താപനില ഉയരുക തന്നെയാണ്. കുറയ്ക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും സാധിച്ചിട്ടില്ല. ഇങ്ങനെ പോയാല്‍ 1.5ലേക്കും രണ്ട് ഡിഗ്രിയിലേക്കും താപനില അധികം വൈകാതെ എത്തും. ഇന്ത്യയും പാകിസ്താനും കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്നും റിപോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.
ചൂട് ഇനിയും വര്‍ധിച്ചു കഴിഞ്ഞാല്‍ ദാരിദ്ര്യം ഇരട്ടിയാവും. ഭക്ഷ്യസുരക്ഷ നഷ്ടപ്പെടും. ഭക്ഷ്യവസ്തുക്കള്‍ക്കു കൂടുതല്‍ വില കൊടുക്കേണ്ടി വരും. പലരും ഭക്ഷണം കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ടാവും. നിത്യരോഗികള്‍ വര്‍ധിക്കുമെന്നും പുതിയ റിപോര്‍ട്ട് താക്കീത് ചെയ്യുന്നു. ചൂട് കൂടുന്നതും ദാരിദ്ര്യം വര്‍ധിക്കുന്നതും ഒരുമിച്ചായിരിക്കും. ചൂട് കൂടുന്നതും കാര്‍ബണ്‍ ബഹിര്‍ഗമനവും പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ലെങ്കില്‍ ആഗോളതലത്തില്‍ കൂട്ടമരണങ്ങള്‍ നിത്യസംഭവമാവുമെന്നും റിപോര്‍ട്ട് പറയുന്നു. 2050 ആവുമ്പോഴേക്കും വന്‍ ദുരന്തത്തിനു സാക്ഷിയാവേണ്ടി വരും. ഏഷ്യയിലാവും കൂടുതല്‍ പ്രതിസന്ധി രൂപപ്പെടുക.

Next Story

RELATED STORIES

Share it