kannur local

കാലാവസ്ഥാ നിരീക്ഷണ ഉപകരണം സ്ഥാപിക്കല്‍ പുരോഗമിക്കുന്നു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂരോഗമിക്കുന്നു. അന്തരീക്ഷ ഊഷ്മാവ്, മഴ ആര്‍ദ്രത തുടങ്ങിയവ അളക്കുന്നതിനുള്ള ഉപകരണങ്ങളാണ് ആദ്യഘട്ടം സ്ഥാപിക്കുന്നത്. റണ്‍വേ വിഷ്വല്‍ സിസ്റ്റം(ആര്‍വിഎസ്), കാലാവസ്ഥ നിരീക്ഷണ ഉപകരണം എന്നിവയുടെ പ്രവൃത്തി നടക്കുന്നുണ്ട്.
പൂനെയില്‍ നിന്നും ബെംഗളൂരുവില്‍നിന്നുമുള്ളഐഎംഡി ഉദ്യോഗസ്ഥ സംഘമാണ് ഇവ പരിശോധിക്കുന്നത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയാല്‍ അര മണിക്കൂര്‍ ഇടവിട്ട് കാലാവസ്ഥാ റിപോര്‍ട്ട് മെറ്റ് ബ്രീഫീങ് റൂം വഴി എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് കൈമാറും. എടിസി വഴി പൈലറ്റുമാര്‍ക്കും കാലാവസ്ഥാ വിവരം ലഭിക്കും. സുരക്ഷിത ലാന്‍ഡിങിന് പൈലറ്റുമാരെ ഇതും സഹായിക്കും. ഉപകരണങ്ങള്‍ സ്ഥാപിച്ചതിനു ശേഷം ഇവയുടെ പ്രവര്‍ത്തനവും സംഘം വിലയിരുത്തും. വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിനുള്ള അന്തിമ പരിശോധനയ്ക്കായി വിവിധ കേന്ദ്ര ഏജന്‍സികള്‍ അടുത്തയാഴ്ച കണ്ണൂരിലെത്തുന്നുണ്ട്.
ലൈസന്‍സിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം പകുതിയോടെ പൂര്‍ത്തിയാക്കും. പ്രവര്‍ത്തനക്ഷമത ഉറപ്പാക്കി റിപോര്‍ട്ട് നല്‍കിയ ശേഷമാവും ഐഎംഡി സംഘം തിരിച്ചുപോവുക. ഈ മാസം 10 വരെ സംഘം പദ്ധതി പ്രദേശത്തുണ്ടാവും. വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന്റെ ഭാഗമായി നടത്തിയ കാലിബ്രോഷന്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തികരിച്ചതോടെയാണ് കാലാവസ്ഥ നിരീക്ഷണവുമായി ബന്ധപ്പെട്ട പരിശോധന നടത്തുന്നത്.
വിമാനത്താവളത്തിന് അന്തിമാനുമതി ലഭിക്കുന്നതിന്റെ ഭാഗമായി സിവില്‍ ഏവിയേഷന്റെ നേതൃത്വത്തിലുള്ള ഡിജിസിഎ പരിശോധനയും പൂര്‍ത്തികരിക്കാനുണ്ട്.
ഈ മാസം അവസാനത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ലൈസന്‍സ് ലഭ്യമാക്കുന്നതിന്റെ നീക്കങ്ങള്‍ കിയാല്‍ അധികൃതര്‍ ഊര്‍ജിതമാക്കിട്ടുണ്ട്. നവംബര്‍ മാസം വാണിജ്യാടിസ്ഥാനത്തിന്‍ കണ്ണുര്‍ വിമാനത്താവളത്തിന്‍ നിന്ന് ആദ്യവിമാനം പറന്നുയരുമെന്നാണു പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it