Idukki local

കാലവര്‍ഷത്തിലും അറക്കുളം പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാനില്ല

മൂലമറ്റം: കാലവര്‍ഷത്തില്‍പോലും അറക്കുളം പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാത്ത സ്ഥിതി.പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ളപദ്ധതിയായ അറക്കുളം പമ്പ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചതു നാലു പതിറ്റാണ്ടുമുമ്പാണ്. 2000 ഓളം കുടുംബങ്ങള്‍ക്കു കുടിവെള്ളം എത്തിക്കുന്നത് ഈ പദ്ധതിയില്‍ നിന്നാണ്.
മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതോല്‍പാദനം കുറയുന്നതിനാല്‍ പുഴയില്‍ വെള്ളം കുറയും. പുഴ മാറി ഒഴുകുകയും പമ്പുഹൗസിനു സമീപത്ത് വെള്ളമില്ലാതാകുകയും ചെയ്യും. ഇതോടെ ഇവിടെ പമ്പിങ് മുടങ്ങും. വര്‍ഷങ്ങളായി ഇതു പതിവാണെങ്കിലും ഇതിനു ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ഒരു നടപടിയും ഇനിയും ഉണ്ടായിട്ടില്ല. കാലവര്‍ഷം കനത്തതോടെ മൂലമറ്റത്തെ വൈദ്യുതോല്‍പാദനം കുറച്ചിരിക്കുകയാണ്. ഇതോടെ പമ്പ് ഹൗസിനു സമീപത്തെ പുഴയുടെ ഒഴുക്ക് നിലച്ചു. ഇപ്പോള്‍ ഇവിടെ പമ്പിങ് മുടങ്ങിയിരിക്കുകയാണ്.
ഇത്തരത്തില്‍ പുഴമാറി ഒഴുകുമ്പോള്‍ വാര്‍ഡ് അംഗം സ്വന്തം ചെലവില്‍ മണ്ണുമാന്തിയന്ത്രം എത്തിച്ചു മണ്ണുമാറ്റി പമ്പിങിനു വെള്ളമെത്തിക്കുകയാണു പതിവ്.എന്നാല്‍ ഇത്തവണ ഇതിനും നടപടിയായിട്ടില്ല. ഇപ്പോള്‍ ആഴ്ചയില്‍ ഒരുതവണമാത്രമാണ് ഇവിടെ വെള്ളം പമ്പുചെയ്യുന്നത്. ഇക്കാരണത്താല്‍, പഞ്ചായത്തിലെ പ്രധാനപ്രദേശങ്ങളിലെല്ലാം കുടിവെള്ളം മുടങ്ങി.ഇവിടെ വിതരണ ടാങ്ക് ഏറെ പഴക്കംചെന്നതാണ്. ചോര്‍ച്ചയുള്ളതിനാല്‍ വെള്ളം പമ്പുചെയ്താല്‍ ടാങ്കില്‍ നില്‍ക്കില്ല. ഇതുമൂലം 24 മണിക്കൂറും വെള്ളം പമ്പുചെയ്താല്‍ മാത്രമെ കുടിവെള്ളമെത്തിക്കാന്‍ കഴിയൂ. എന്നാലും ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം എത്തിക്കാനാകില്ല. വെള്ളം ശുചീകരിക്കാതെ പുഴയില്‍നിന്നു നേരിട്ടു പമ്പു ചെയ്താണ് ഇവിടെ വിതരണം ചെയ്യുന്നത്.രണ്ടു ചെറു തോടുകളിലെ മാലിന്യങ്ങള്‍ പുഴയിലേക്കൊഴുകുന്നുണ്ട്. ഈ വെള്ളം യാതൊരു ശുചീകരണവും നടത്താതെയാണു വിതരണം ചെയ്യുന്നത്.
എന്നാല്‍ ഇനിയും ഇവിടെനിന്നു ശുദ്ധജലമെത്തിക്കുന്നതിനു വേണ്ട നടപടികളൊന്നുമെടുത്തിട്ടില്ല. വെള്ളം പമ്പുചെയ്യുന്ന കിണറ്റിലേക്കാണു പണിക്കര്‍ തോട്ടില്‍ നിന്നുള്ള വെള്ളം നേരെ വീഴുന്നത്. കാല്‍നൂറ്റാണ്ടായി ഇവിടെ ഒരു ശുചീകരണവും നടത്താത്ത വെള്ളമാണു നല്‍കുന്നത്. എന്നാല്‍ ഈ ചളിവെള്ളം പോലും കുടിക്കാന്‍ ലഭിക്കാത്ത സ്ഥിതിയാണ് ഉള്ളത്.
Next Story

RELATED STORIES

Share it